കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 292 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 292 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,988 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഇന്ന് 199 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 197 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 595 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 13,729 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
കൊവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം
കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.
ജില്ലയില്‍ ഇതുവരെ 1,127 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 173 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.