കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
മഞ്ചേരിയിലെ സ്വകാര്യ ലാബ് ടെക്നീഷ്യന് മഞ്ചേരി വായ്പ്പാറപ്പടി സ്വദേശി 56 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച ഇതേ ലാബിലെ ജീവനക്കാരന് ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശിയുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 28 ന് വീട്ടിലെത്തിയ താനാളൂര്‍ പട്ടര്പ്പറമ്പ് സ്വദേശി 38 വയസുകാരന്, ഡല്‍ഹിയില്‍ നിന്ന് ബംഗളൂരു വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 11 ന് തിരിച്ചെത്തിയ മഞ്ചേരി നറുകര സ്വദേശി 24 വയസുകാരന്, ജൂണ്‍
ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ മമ്പാട് പാന്തലിങ്ങല് സ്വദേശിനി ഗര്‍ഭിണിയായ 24 വയസുകാരി, റിയാദില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 11 ന് നാട്ടിലെത്തിയ തിരുവാലി പുന്നപ്പാല സ്വദേശി 49 വയസുകാരന്, ജൂണ്‍ 13 ന് ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വെട്ടത്തൂര്‍ നിരന്നപറമ്പ് സ്വദേശി 28 വയസുകാരന് എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.