കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 37 പേര്‍ കൂടി രോഗമുക്തരായി; ചികിത്സയിലുള്ളത് 572 പേര്‍

12,104 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,789 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Update: 2020-07-17 02:41 GMT

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 37 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. രോഗബാധിതരായി 572 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,173 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 922 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

42,522 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 717 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 443 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 60 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 31 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 177 പേരുമാണ് കഴിയുന്നത്. 39,997 പേര്‍ വീടുകളിലും 1,808 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 14,821 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,032 പേരുടെ ഫലം ലഭിച്ചു. 12,104 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,789 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 594 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 

Tags:    

Similar News