പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകിരിച്ചിട്ടില്ല.

Update: 2020-07-14 15:15 GMT

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകിരിച്ചിട്ടില്ല.

1) ഒമാനില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 65 വയസുകാരന്‍.

2) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ ഒരു വയസുകാരി.

3) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം സ്വദേശിയായ 31 വയസുകാരന്‍.

എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.


ജില്ലയില്‍ ഇതുവരെ ആകെ 584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 316 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 267 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 255 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 132 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 19 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 72 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 19 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.


ജില്ലയില്‍ ആകെ 291 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (14) പുതിയതായി 11 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 1803 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2288 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1665 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 93 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 132 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5756 പേര്‍ നിരീക്ഷണത്തിലാണ്.


ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 140 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1383 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 412 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 19191 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കാരണം എന്ന ക്രമത്തില്‍.

1) തിരുവല്ല മുനിസിപ്പാലിറ്റി , 14, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

2) അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, രണ്ട്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

3) കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, 12, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

4) കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, 13 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം

5)കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, 17 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം

6) നാരങ്ങാനം ഗ്രാമപഞ്ചായത്ത്, ഏഴ്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

7) കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്, മൂന്ന്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

8) ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, രണ്ട്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം, ദ്വിതീയ സമ്പര്‍ക്കമുളളവര്‍ 25-ല്‍ അധികം.

9) ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, 12 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം, ദ്വിതീയ സമ്പര്‍ക്കമുളളവര്‍ 25-ല്‍ അധികം

10) ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, 13 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം, ദ്വിതീയ സമ്പര്‍ക്കമുളളവര്‍ 25-ല്‍ അധികം

11) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, ആറ്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 32-ല്‍ അധികം.

12) കടപ്ര ഗ്രാമപഞ്ചായത്ത്, എട്ട്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

13) കടപ്ര ഗ്രാമപഞ്ചായത്ത്, ഒന്‍പത്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.

കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരേണ്ടതാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുകയുളളു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കു പോകുവാനോ അകത്തേക്ക് പ്രവേശിക്കുവാനോ അനുവദിക്കുന്നതല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങള്‍ അനുവദിക്കില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. പ്രതിരോധം, കേന്ദ്രസായുധ പോലീസ് സേന, ട്രഷറി, പെട്രോളിയം, സി.എന്‍.ജി., എല്‍.പി.ജി., പി.എന്‍.ജി. ദുരന്ത നിവാരണ വകുപ്പ് വൈദ്യുത ഉല്‍പാദന-വിതരണ യൂണിറ്റുകള്‍, പോസ്റ്റ് ഓഫീസ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, ദുരന്ത നിവാരണ വിഭാഗം, ജയില്‍ എന്നീ വിഭാഗങ്ങളെയും, നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, റവന്യ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും. വൈദ്യുതി, വെളളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണത്തില്‍ ഇളവുകളുണ്ട്.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കും. എ.ടി.എം., മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് സേവനം, അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. ഡിപ്പാര്‍ട്ട്‌മെന്റല്‍സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പലചരക്ക്, പാല്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഹോട്ടലുകളില്‍ പാഴ്‌സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തിക്കാം.

ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും, അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആശുപത്രി സഹായ സേവനങ്ങള്‍ക്കുളള ഗതാഗതം അനുവദിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. ഇവ ഒഴികെയുളള മറ്റൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍, എന്നിവര്‍ കോവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

ഇന്‍സിഡന്റ് കമാന്‍ഡറായ തഹസീല്‍ദാര്‍ക്കാണ് അധികാര പരിധിയിലുളള ഇടങ്ങളുടെ ഉത്തരവാദിത്തം. നിര്‍ദിഷ്ട പ്രദേശത്തെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തഹസീല്‍ദാരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും, സുരക്ഷയും പോലീസ് ഉറപ്പാക്കും. വീടുകള്‍തോറുമുളള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കല്‍ ഇടപെടലുകളും ആരോഗ്യവകുപ്പ് ഉറപ്പാക്കും.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 51 മുതല്‍ 60 പ്രകാരവും ഐ.പി.സി. വകുപ്പ് 188 പ്രകാരവുമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

Tags:    

Similar News