പെരിന്തല്‍മണ്ണ വീണ്ടും കൊവിഡ് ഭീതി; നാല് വാര്‍ഡുകളില്‍ ജാഗ്രത
21ാം വാര്‍ഡ് മുറുവത്ത് പറമ്പില്‍ ഒരുവ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 14 ദിവസ ക്വാറന്റീന്‍ കാലയളവിന് ശേഷം ഇദ്ദേഹം വീട്ടിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.
പെരിന്തല്‍മണ്ണ: മെഡിക്കല്‍ സിറ്റിയായ പെരിന്തല്‍മണ്ണയില്‍ കൊവിഡ് ഭീതി. സമൂഹ വ്യാപനത്തിന്റെ സാധ്യത ഇല്ലാതെയാക്കാന്‍ ആരോഗ്യ വകുപ്പ് രംഗത്ത് നഗരസഭയിലെ 21, 24 വാര്‍ഡുകളില്‍ പൂര്‍ണമായും 20, 23 വാര്‍ഡുകളില്‍ വളയംമൂച്ചി, വായനശാല പ്രദേശത്തോട് അടുത്തുള്ളവരും കൊവിഡ്19 വ്യാപനത്തിനെതിരേ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കി.
21ാം വാര്‍ഡ് മുറുവത്ത് പറമ്പില്‍ ഒരുവ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 14 ദിവസ ക്വാറന്റീന്‍ കാലയളവിന് ശേഷം ഇദ്ദേഹം വീട്ടിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതിനിടെ ഇദ്ദേഹത്തിന്റെ പിതാവ് സമീപപ്രദേശത്തെ കടകളിലും ചെറുകരയിലെ സ്‌കൂളിലും വളയംമൂച്ചി റേഷന്‍കടയിലും പെരിന്തല്‍മണ്ണയിലെ പല സ്ഥാപനങ്ങളിലും ഇടപഴകിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് 31 വരെ ജാഗ്രതാനിര്‍ദേശം.
നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം പ്രദേശത്ത് കൊവിഡ് സമൂഹവ്യാപനത്തിന് ഇടയാക്കുകയും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എത്തുകയും ചെയ്യുമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ്കുമാര്‍ മുന്നറിയിപ്പ് നല്‍കി. അറിയിപ്പുണ്ടാകുന്നതുവരെ വളയംമൂച്ചി റേഷന്‍കട അടച്ചിടും. ഈ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായവര്‍ അടിയന്തരമായി വാര്‍ഡ് ആര്‍ആര്‍ടി അംഗങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കണം. അനാവശ്യമായി ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂടിനിന്നാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ പ്രകാരം നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.