പട്ടാമ്പിയിലെ കൊവിഡ് വ്യാപനം; പെരിന്തല്‍മണ്ണ താലൂക്കിലെ മൂന്ന് പഞ്ചായത്തുകളില്‍ അതിജാഗ്രത

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം എത്തിച്ച് വില്‍പന നടത്തിയ 2 ചെമ്മലശ്ശേരി സ്വദേശികള്‍ക്കും മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ഇവിടെ ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ അതിജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

Update: 2020-07-20 10:25 GMT

പെരിന്തല്‍മണ്ണ: പട്ടാമ്പിയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ താലൂക്കിലെ മൂന്ന് പഞ്ചായത്തുകളില്‍ ജാഗ്രത. ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തുകളായ മൂര്‍ക്കനാട്, പുലാമന്തോള്‍, ഏലംകുളം പഞ്ചായത്തുകളാണ് അതീവ ജാഗ്രതയില്‍. 3 പഞ്ചായത്തുകളും കൊവിഡ് വ്യാപന ഭീതിയിലാണ്.

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം എത്തിച്ച് വില്‍പന നടത്തിയ 2 ചെമ്മലശ്ശേരി സ്വദേശികള്‍ക്കും മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ഇവിടെ ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ അതിജാഗ്രതാ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പുലാമന്തോള്‍ ടൗണ്‍, ചെമ്മലശ്ശേരി, വളപുരം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ നാലോടെ അടച്ചു. ഇന്ന് പഞ്ചായത്ത് തലത്തില്‍ പോലിസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സമ്പര്‍ക്ക സാധ്യത വിലയിരുത്തിയതിനു ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ അറിയിച്ചു. ഏലംകുളത്തെ ചില കടകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് ബാധിതരുമായി പ്രൈമറി സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനത്തില്‍ മത്സ്യ വില്‍പന നടത്തുന്ന കൊവിഡ് ബാധിതനായ മൂര്‍ക്കനാട് സ്വദേശിയില്‍ നിന്നും ഇയാളുടെ സഹായിയില്‍ നിന്നും മത്സ്യം വാങ്ങിയ മൂര്‍ക്കനാട് പൊട്ടിക്കുഴി, കല്ലുവെട്ടുകുഴി, പൂഴിപ്പറ്റ, പടിഞ്ഞാറ്റുംപുറം പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാല്‍ അറിയിച്ചു. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും പുറത്തു പോകുന്നവര്‍ വീടിനകത്ത് ഉള്‍പ്പെടെ മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കം കണ്ടെത്തുന്നതിനായി ആര്‍ആര്‍പി അംഗങ്ങള്‍ സര്‍വേ തുടങ്ങി. ഇന്ന് പഞ്ചായത്തുതല യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. പട്ടാമ്പിമത്സ്യ മാര്‍ക്കറ്റില്‍ നിന്ന് വില്‍പനയ്ക്കായി മത്സ്യം എടുത്ത കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട്. 

Tags:    

Similar News