കടവല്ലൂരില്‍ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിക്കും
കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പന നടത്തുന്നയാള്‍ക്ക് ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചത്.
തൃശൂര്‍: മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ കടവല്ലൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി ചില്ലറ വില്‍പന നടത്തുന്ന 16ാം വാര്‍ഡിലുള്ള മത്സ്യ വില്പനക്കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പിലാവിലും പരിസര പ്രദേശങ്ങളിലും മത്സ്യ വില്പന നടത്തുന്ന ഇയാളുമായുള്ള പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കുമെന്ന് പിഎച്ച്‌സി സൂപ്രണ്ട് ജീജ അറിയിച്ചു.
പഞ്ചായത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും പോലിസ് സഹായം തേടി നടപടിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പന നടത്തുന്നയാള്‍ക്ക് ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചത്. കടവല്ലൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ മത്സ്യ വില്‍പനക്കാരനായ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെ ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 12, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുകയാണ്. ഇവിടേക്കുള്ള പൊതു റോഡുകള്‍ ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ അടച്ചു.
പെരുമ്പിലാവിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ വിഭാഗം നേരിട്ടെത്തി അടപ്പിച്ചിരുന്നു. മറ്റിടങ്ങളിലെ വഴിയോര മത്സ്യകച്ചവടവും ഞായറാഴ്ചത്തെ കൊവിഡ് സ്ഥിരീകരണത്തോടെ നിര്‍ത്തലാക്കി. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യം വില്‍ക്കുന്ന 30 ഓളം മത്സ്യ വില്പനക്കാരെയും ആരോഗ്യ വിഭാഗവും പഞ്ചായത്തും ചേര്‍ന്ന് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.