അഞ്ചുതെങ്ങിൽ 125 പേർക്ക് കൊവിഡ്; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്കും രോഗബാധ
രണ്ട് ദിവസം മുമ്പ് അഞ്ചു തെങ്ങില്‍ 444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 125 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 125 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 ജനപ്രതിനിധികൾക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് കൊവിഡ് കേസുകൾ അതിവേഗത്തിൽ വ്യാപിക്കുകയാണെന്നും കൊവിഡ് മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
രണ്ട് ദിവസം മുമ്പ് അഞ്ചു തെങ്ങില്‍ 444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. അതായത് ഇവിടെ പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മേഖലയാണ് അഞ്ചുതെങ്ങ്. ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മേഖലയില്‍ രോഗവ്യാപനം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. അഞ്ചുതെങ്ങിന് പുറമെ പാറശ്ശാലയിലും സ്ഥിതി ഗുരുതരമാണ്.