വയനാട്ടില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി 109 പേര്‍ വീടുകളിലേക്ക് മടങ്ങി; രണ്ടാഴ്ച വീടുകളില്‍ കഴിയണം

ജില്ലയില്‍ 169 പേരാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍.

Update: 2020-04-07 15:31 GMT

കല്‍പറ്റ: വയനാട് ജില്ലയിലെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും മാനന്തവാടിയില്‍ നിന്ന് 33 പേരും ട്രൈബല്‍ സ്‌പെഷ്യല്‍ കൊവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിന്നും 22 പേരുമാണ് ചൊവ്വാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങിയത്.

ഇവര്‍ക്ക് ആരോഗ്യവകുപ്പ് കൊവിഡ് രോഗമില്ലെന്നുളള പരിശോധന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എങ്കിലും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരോട് നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ 169 പേരാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍. ബാക്കിയുളളവര്‍ സെന്ററുകളില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. നിരീക്ഷണകാലയളവ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവരെയും വീടുകളിലേക്ക് അയക്കും.

നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് മടങ്ങാന്‍ അധികൃതര്‍ പ്രത്യേകം വാഹന സൗകര്യം ഒരുക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് വഴി മലപ്പുറത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തി. ആലപ്പുഴ,കോട്ടയം ജില്ലകളില്‍ നിന്നുളള രണ്ട് സ്ത്രീകള്‍ പ്രത്യേകം ടാക്‌സിയിലാണ് യാത്രയായത്. മാനന്തവാടിയില്‍ താമസിച്ചിരുന്നവര്‍ സ്വന്തം വണ്ടിയില്‍ വന്നവരായിരുന്നതിനാല്‍ അവരെ ആ വാഹനങ്ങളില്‍ തന്നെ യാത്രയാക്കി.

ട്രൈബല്‍ സ്‌പെഷ്യല്‍ കൊവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനായി മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ പ്രത്യേകം വാഹനങ്ങളൊരുക്കിയിരുന്നു.

വീടുകളിലേക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി ഇവര്‍ക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ്,മെഡിക്കല്‍ ചെക്കപ്പ് എന്നിവ നല്‍കി. കുടകില്‍ നിന്നും അന്യജില്ലകളില്‍ നിന്നും എത്തിയ 40 പേരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. 

Tags:    

Similar News