സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ഇന്നലെ നാല് മരണം; 302 പേര്‍ രോഗ ബാധിതര്‍

Update: 2023-12-17 11:19 GMT

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കൊവിഡ് 19 ഭീതിയില്‍. ഇന്നലെ മാത്രം നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിലവില്‍ 1523 കൊവിഡ് ആക്റ്റീവ് കേസുകളുണ്ട്. രാജ്യത്ത് ഈ മാസം ഇതുവരെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഒമ്പത് മരണവും കേരളത്തിലാണ്. ഇന്ത്യയില്‍ നിലവില്‍ 1701 ആക്റ്റീവ് കൊവിഡ് കേസുകളുണ്ട്.

കേരളത്തിലെ 1523 കൊവിഡ് പോസിറ്റീവ് എന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രതിദിനം 700 മുതല്‍ 1,000 വരെ കൊവിഡ് പരിശോധനകള്‍ നടത്തുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരിശോധനാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.

കൊവിഡ് ബാധയെത്തുടര്‍ന്ന് പാനൂരിലെ മൊയിലോത്ത് പാലക്കണ്ടി അബ്ദുല്ല (83) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇതിനെത്തുടര്‍ന്ന് പാനൂര്‍ മുനിസിപ്പാലിറ്റി രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ വടക്കന്‍ ജില്ലകളില്‍ കൊവിഡ് ബാധിച്ച് നടക്കുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ കുന്നുമ്മല്‍ പഞ്ചായത്തിലെ കുണ്ടുകടവിലെ കളിയാട്ട് പറമ്പത്ത് കുമാരന്‍ (77) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ അതാത് സ്ഥലങ്ങളില്‍ നടന്നത്.

ഇതിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വകഭേദമായ JN1ല്‍ ആശങ്ക വേണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഉപവകഭേദം ആണെന്നും ആശങ്കവേണ്ടെന്നും വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. പരിശോധന കര്‍ശനമാക്കിയെന്നും പ്രായമായവരും മറ്റ് സുഖങ്ങള്‍ ഉള്ളവരും കരുതല്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.





Tags:    

Similar News