കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട ആരോഗ്യവകുപ്പ് ജീവനക്കാരുടെയും മരണപ്പെട്ട ഷിജുവിന്റെ കുടുംബാംഗങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് തൃശൂരിലെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ തയ്യാറായത്.

Update: 2020-07-17 17:03 GMT

തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് സന്നദ്ധസേവനരംഗത്ത് മാതൃകയായിരിക്കുകയാണ് എസ് ഡിപിഐ പ്രവര്‍ത്തകര്‍. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി തെക്കുംപറമ്പില്‍ ഷിജു (46) കഴിഞ്ഞ ബുധനാഴ്ചയാണ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. മരണശേഷം ഷിജുവിന്റെ സ്രവം പരിശോധിച്ചപ്പോളാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

ഷിജുവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായതോടെ ഷിജുവിന്റെ കുടുംബാംഗങ്ങളെയും അടുത്തിടപഴുകിയിട്ടുള്ള സുഹൃത്തുക്കളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട ആരോഗ്യവകുപ്പ് ജീവനക്കാരുടെയും മരണപ്പെട്ട ഷിജുവിന്റെ കുടുംബാംഗങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് തൃശൂരിലെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ തയ്യാറായത്.

ഇരിങ്ങാലക്കുടയിലെ എസ്എന്‍ബിഎസ് സമാജം പൊതുശ്മശാനത്തില്‍ ഷിജുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ മുകുന്ദപുരം തഹസീല്‍ദാര്‍ മധുസൂദനന്റെയും ഇരിങ്ങാലക്കുട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കവെ, കൊവിഡ് ബാധിച്ചുമരിച്ച ഷിജുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരേ പ്രക്ഷോഭവുമായി നാട്ടുകാര്‍ രംഗത്തുവന്നു.

പ്രക്ഷോഭം കനത്തതോടെ തൃശൂര്‍ കോര്‍പറേഷന് കീഴില്‍ കുരിയച്ചിറയിലുള്ള പൊതുശ്മശാനത്തില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെ ഷിജുവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. എസ് ഡിപിഐ ജില്ലാ സമിതിയംഗം ആസിഫ് അബ്ദുല്ല, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഷീദ്, നാട്ടിക മണ്ഡലം സെക്രട്ടറി ജമീര്‍ഷാദ്, ഹാഷിം ബാബു, ഷാനു കാട്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്് ഷിജുവിന്റെ സംസ്‌കാരകര്‍മങ്ങള്‍ നടത്തിയത്. 

Tags:    

Similar News