കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം
സ്പീക്കറെ നീക്കൽ പ്രമേയവും അവിശ്വാസ പ്രമേയവും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെ തടയാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. വെള്ളിയാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിനായി 24 ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. അതേസമയം, കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം 27 ന് ചേരാൻ നിശ്ചയിച്ച നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും. 31ന് മുമ്പ് ധനബിൽ പാസ്സാക്കുന്നതിന് വേണ്ടിയാണ് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നത്. സഭ ചേരാനാകാതെ വന്നാൽ ധനകാര്യ ബിൽ ഓർഡിനൻസായി ഇറക്കേണ്ടി വരും. നിയമസഭ ചേരാൻ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെങ്കിൽ മന്ത്രിസഭ യോഗം ചേർന്ന് വീണ്ടും ഗവർണറോട് ഇക്കാര്യം ആവശ്യപ്പെടേണ്ടതുണ്ട്. ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം നാളെ ചേരും.
നിയമസഭ സമ്മേളനം ഒഴിവാക്കാൻ പ്രതിപക്ഷവുമായും സർക്കാർ ചർച്ച നടത്തും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനും 179-ാം അനുച്ഛേദം അനുസരിച്ച് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിനും പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഭ സമ്മേളനം ഒഴിവാക്കിയാൽ ഈ നോട്ടീസുകളും അപ്രസക്തമാകും.
ഈയാഴ്ച മന്ത്രിസഭാ യോഗം ഒഴിവാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മന്ത്രിസഭ വ്യാഴാഴ്ച ചേരാൻ ഇന്നലെ രാത്രിയോടെ തീരുമാനിക്കുകയായിരുന്നു. എന്നാൽ സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കൽ പ്രമേയവും അവിശ്വാസ പ്രമേയവും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെ തടയാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. വെള്ളിയാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും.