കൊവിഡ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് സ്വകാര്യതയ്ക്ക് മേല്‍ നടത്തുന്ന കടന്നുകയറ്റം: യുഡിഎഫ് കണ്‍വീനര്‍
പോലിസ് ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിക്ക് എതിരാണ്.ഫോണ്‍ രേഖകള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി
കൊച്ചി: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അറിയാന്‍ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി. പോലിസ് ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിക്ക് എതിരാണ്.ഫോണ്‍ രേഖകള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പ്രിന്‍ക്ലര്‍ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ രോഗികളുടെ ഫോണ്‍ ഡാറ്റ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. സുപ്രീം കോടതി വിധി പോലും ലംഘിച്ചാണ് സര്‍ക്കാര്‍ രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കാന്‍ യു ഡി എഫ് നിര്‍ബന്ധിതമാകുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ പലതും മൂടി വെച്ചെന്ന് തെളിഞ്ഞതായും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.കൊവിഡ് മരണത്തില്‍ യഥാര്‍ഥ മരണസംഖ്യ സര്‍ക്കാര്‍ മറച്ചു വച്ചുവെന്ന യു ഡി എഫ് ആക്ഷേപം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയും ശരി വച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെയും ഐ സി എം ആറിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കണക്ക് പരിശോധിച്ചാല്‍ തന്നെ സര്‍ക്കാരിന്റെ കള്ളക്കളി ബോധ്യമാകുമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലിസിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ യുഡിഎഫ് നിലപാട് ശരിയെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ബോധ്യമാകും. ജനങ്ങളുടെ ജീവന്‍ പന്താടുന്ന തരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു