കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതല, നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നടപടികളെടുക്കുകയുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരിടവേളയ്ക്കുശേഷം പ്രതിദിന വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ് പുതിയ നീക്കം. കലക്ടര്‍മാരെ സഹായിക്കാന്‍ ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 5,266 പേര്‍ക്കാണ്.
ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 70,983 ആയി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഫെബ്രുവരി മാസം അതിനിര്‍ണായകമെന്നാണ് വിദഗ്ധസമിതിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നടപടികളെടുക്കുകയുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതല. സ്ഥിതി വിശകലനം ചെയ്ത് നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാം.
മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ ആക്കി തിരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അനുമതിയുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണവും വ്യാപനവും പരിശോധിച്ച് നിരോധനാജ്ഞ ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്നാണ് ഉത്തരവ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചകളുണ്ടായെന്നാണ് വിലയിരുത്തല്‍.
പൊതുനിരത്തില്‍ പലരും മാസ്‌ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സഞ്ചരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ പോലിസ് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും പിഴ ചുമത്തുന്ന നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്.