കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വിദഗ്ധരടക്കം വീണ്ടും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. അത് ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Update: 2020-07-22 14:49 GMT

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 1038 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 ഉം സമ്പര്‍ക്കംവഴിയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വിദഗ്ധരടക്കം വീണ്ടും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. അത് ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇതിന് മുമ്പ് മാര്‍ച്ച് 23ന് കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്നുവരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍നിന്ന് പാസ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കര്‍ശനപരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തികടത്തി വിടൂ എന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിക്കും തിരക്കുമുണ്ടായതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ല. പരീക്ഷകഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഗേറ്റിലൂടെ ഒന്നിച്ച് പുറത്തേക്കിരങ്ങിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അക്കാര്യം മുന്നില്‍ക്കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെ മെഡിക്കല്‍ കോളജ് പോലിസ് കേസെടുക്കുന്ന കാര്യവും വിദ്യാര്‍ഥികളുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തുന്ന കാര്യവും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    

Similar News