മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന നാളെ മുതല്‍
രണ്ടാഴ്ച മുമ്പുതന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രണ്ടാഴ്ച മുമ്പുതന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളജിനെയും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കൊവിഡ് ലാബും പ്രവര്‍ത്തിക്കുക. മഞ്ചേരി മെഡിക്കല്‍ കോളജിലെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധനകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താവുന്നതാണ്. മഞ്ചേരി മെഡിക്കല്‍ കോളജിന് കൂടി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 12 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.
എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂനിവേഴ്സിറ്റി, എറണാകുളം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് കൊവിഡ് 19 പരിശോധന നടത്തിവരുന്നത്. ഇതുകൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യലാബകളിലും പരിശോധന നടന്നുവരുന്നു. കോട്ടയം, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ ഐസിഎംആര്‍ അനുമതി കാത്തിരിക്കുകയാണ്.