കൊവിഡ് പരിശോധന: പൂര്‍ണ്ണ വിവരശേഖരണം നടത്താത്ത ലാബുകള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ജില്ലാ ഭരണകൂടം
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്വകാര്യ ലാബുകള്‍ ഇത്തരത്തിലുള്ള വിവരശേഖരണം നടത്താതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡിവിഷന്‍ / വാര്‍ഡ് നമ്പറുകള്‍ രേഖപ്പെടുത്താത്ത ഡേറ്റ ലഭിക്കുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത് പോലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍
കൊച്ചി: കൊവിഡ് പരിശോധനയ്‌ക്കെത്തുന്ന വ്യക്തികളുടെ താമസ സ്ഥലത്തെ വാര്‍ഡ് നമ്പര്‍ ഉള്‍പ്പടെയുള്ള ആവശ്യമായ വിവരങ്ങള്‍ സ്വകാര്യ ലാബുകള്‍ ശേഖരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് കര്‍ശന നിര്‍ദേശം നല്‍കി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്വകാര്യ ലാബുകള്‍ ഇത്തരത്തിലുള്ള വിവരശേഖരണം നടത്താതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡിവിഷന്‍ / വാര്‍ഡ് നമ്പറുകള്‍ രേഖപ്പെടുത്താത്ത ഡേറ്റ ലഭിക്കുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത് പോലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടറുടെ തീരുമാനം.
18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടുതലായി വാക്‌സിന്‍ നല്‍കാനുള്ള പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കി വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. സ്വകാര്യ മേഖലയ്ക്കും കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനെടുക്കാനുള്ള സിറിഞ്ചു കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ സിറിഞ്ചുകളെത്തിക്കും. വാക്‌സിനേഷനില്‍ നിലവിലുള്ള വേഗത നിലനിര്‍ത്തണം പ്രതിദിനം 45,000 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണത്തോടനുബന്ധിച്ച് തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയും ശക്തമാക്കും. ഷോപ്പിംഗിനു പോകുന്നവരും കടയുടമകളും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ജില്ലയില്‍ നിലവിലെ കൊവിഡ് ചികില്‍സാ സൗകര്യങ്ങള്‍ രോഗവ്യാപനം തടയുന്നതിന് പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്ക് ഡേറ്റ എന്‍ട്രി നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ജീവനക്കാരെ നിയോഗിക്കാവുന്നതാണ്.
ഇതിനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നതായിരിക്കും. എറണാകുളം നഗരത്തില്‍ പല സ്ഥലങ്ങളിലും കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരേ നടപടിയുണ്ടാകും.മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും എല്ലാ ദിവസവും ഐആര്‍എസ് മീറ്റിംഗ് ചേരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരും പോലീസും തദ്ദേശ സ്ഥാപന പ്രതിനിധികളും വില്ലേജ് ഓഫീസറും ഇതില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.