കൊവിഡ് വാക്‌സിനേഷന്‍: കര്‍മപദ്ധതി തയ്യാറാക്കി ആരോഗ്യവകുപ്പ്; ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍; ഒരു കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കുക 100 പേര്‍ക്ക്
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കൊവിഡ് വാക്‌സിനേഷനായി ലോഞ്ചിങ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാവുക.
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വാക്‌സിനെത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതിയാണ് ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കൊവിഡ് വാക്‌സിനേഷനായി ലോഞ്ചിങ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാവുക.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതമുണ്ടാവും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാവുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി, ആയുഷ്, സ്വകാര്യാശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് വാക്‌സിനേഷന്‍ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമായത്. 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി വരികയാണ്. അതനുസരിച്ച് ഓരോ കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്.
ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയ്റ്റിങ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാവും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ഓരോ ജില്ലയിലും ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. ജില്ലകളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങുന്നതാണ്. കൊവിഡ് വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ കേന്ദ്രങ്ങളും അവയുടെ പോരായ്മകള്‍ കൃത്യമായി പരിഹരിച്ച് വാക്‌സിന്‍ വിതരണം സുഗമമാക്കണം.
കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കോള്‍ഡ് സ്‌റ്റോറേജിന് കേടുപാട് സംഭവിച്ചാല്‍ ഉടന്‍തന്നെ പകരം സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. ജില്ലാ, ബ്ലോക്ക് തലത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്‌സിന്റെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആരോഗ്യവകുപ്പിന് റിപോര്‍ട്ട് നല്‍കും. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,68,685 പേരും സ്വകാര്യമേഖലയിലെ 1,89,889 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിലാണ് രണ്ടുഘട്ടങ്ങളിലായി ഡ്രൈ റണ്‍ നടന്നത്. അത് പൂര്‍ണവിജയമാക്കിയ ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. കൊവിഡ് വാക്‌സിനേഷനുള്ള വലിയ ദൗത്യമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുമ്പിലുള്ളത്. പഴുതുകളില്ലാതെ കൊവിഡ് വാക്‌സിനേഷന്‍ വലിയ വിജയമാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആര്‍പിഎച്ച് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 300ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാബീവി, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ് എന്നിവരും പങ്കെടുത്തു.