കൊവിഡ്: മെയ് 10 നകം എറണാകുളം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍

വാക്‌സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്‌സിനേഷന്‍ ക്യാപുകള്‍ സംഘടിപ്പിക്കും.ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്‌കൂള്‍ അധികൃതര്‍ ശേഖരിക്കുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുകയും വേണം

Update: 2022-04-29 15:49 GMT

കൊച്ചി: മെയ് പത്തിനകം എറണാകുളം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. വാക്‌സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്‌സിനേഷന്‍ ക്യാപുകള്‍ സംഘടിപ്പിക്കുമെന്നും ഓണ്‍ലൈനായി നടന്ന കൊവിഡ് അവലോകന യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്‌കൂള്‍ അധികൃതര്‍ ശേഖരിക്കുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ക്യാംപുകള്‍ സംഘടിപ്പിക്കുക. ക്യാംപ് നടക്കുന്ന തീയതിയും കേന്ദ്രവും സ്‌കൂള്‍ അധികൃതകര്‍ വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കും.

കുട്ടികള്‍ക്കു രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ക്യാംപുകളില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാം. മെയ് പത്തുവരെ ആദ്യഘട്ട ക്യാംപുകള്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ കുട്ടികളിലും വാക്‌സിന്‍ എത്തിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ ഇതുവരെ 18 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ 98 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ ഒന്നാം ഡോസും, 53 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായപരിധിയുള്ളവരില്‍ 11 ശതമാനം പേര്‍ ഒന്നാം ഡോസും 0.11 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News