ഹൃദ്രോഗികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍: ആശങ്കകള്‍ വേണ്ടെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി

വാക്‌സിനേഷന്‍ മൂലം രക്തം കട്ടപിടിക്കല്‍, ഹൃദയത്തിന്റെ വീക്കം എന്നീ പാര്‍ശ്വഫല സാധ്യതകള്‍ വളരെ വിരളമാണെന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.കെ പി ബാലകൃഷ്ണന്‍ പറഞ്ഞു

Update: 2021-07-31 16:50 GMT

കൊച്ചി: കൊവിഡ് മൂലമുള്ള ഗുരുതരാവസ്ഥയും മരണവും തടയുന്നതിന് ഇന്ത്യയില്‍ അംഗീകരിച്ച എല്ലാ വാക്‌സിനുകളും ഹൃദ്രോഗികള്‍ക്കും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി, കേരള ചാപ്റ്റര്‍.വാക്‌സിനേഷന്‍ മൂലം രക്തം കട്ടപിടിക്കല്‍, ഹൃദയത്തിന്റെ വീക്കം എന്നീ പാര്‍ശ്വഫല സാധ്യതകള്‍ വളരെ വിരളമാണെന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.കെ പി ബാലകൃഷ്ണന്‍ പറഞ്ഞു.

വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള ഓരോ വാക്‌സിനും വ്യത്യസ്തമാണ്. നിലവില്‍ കൊവിഷില്‍ഡ് വാക്‌സിന് 12 ആഴ്ചയും കൊവാക്‌സിനു 4 ആഴ്ചയുമാണ് ഒന്നും രണ്ടും ഡോസുകള്‍ എടുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഇടവേള.വ്യക്തികള്‍ക്ക് പൊതുവെയുള്ള അലര്‍ജി ഒഴിച്ചാല്‍ ഒരു ഹൃദ്രോഗിക്കും കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിനു പ്രത്യേക തടസ്സമില്ല. കൊവിഡ് ഗര്‍ഭിണികളില്‍ കൂടുതല്‍ മാരകമാവുന്നത് കൊണ്ട് എല്ലാ ഗര്‍ഭിണികളും കൊവിഡ് വാക്‌സിന്‍ എത്രയും വേഗം സ്വീകരിക്കേണ്ടതാണ്.

കൊവിഡിനെതിരെയുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ഒന്നാം ഡോസിന് ശേഷവും തുടരേണ്ടതാണ്.നിലവിലെ വാക്‌സിനുകള്‍ നല്‍കുന്ന പരിരക്ഷയുടെ ദൈര്‍ഘ്യം ഈ ഘട്ടത്തില്‍ അജ്ഞാതമായതിനാല്‍ രോഗപ്രതിരോധം മാത്രമാണ് ഒരേയൊരു പോംവഴി. പ്രതിരോധ കുത്തിവയ്പ്പിനുശേഷവും പൊതുജനങ്ങള്‍ സാമൂഹിക അകലം, മാസ്‌കുകള്‍, കൈ ശുചിത്വം എന്നിവ കൃത്യമായി പാലിക്കണമെന്നു ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ.വിനോദ് തോമസ് പറഞ്ഞു.

Tags:    

Similar News