വാക്‌സിന്‍ വിതരണം;വീണ്ടും സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രി വഴി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതു അത്യാവശ്യമാണെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും കോടതിയില്‍ അറിയിച്ചു
കൊച്ചി: കൊവിഡ് വാക്സീന്‍ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.വാക്‌സിനേഷന് ഓണ്‍ലൈനില്‍ സ്ളോട്ട് കിട്ടാത്തതുകൊണ്ടു മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ ദുരിതമനുഭവിക്കുകയാണെന്നു ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രി വഴി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതു അത്യാവശ്യമാണെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും കോടതിയില്‍ അറിയിച്ചു.കൊവിഡ് വാക്സീന്‍ ലഭ്യമാക്കുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ട് വന്നില്ലെന്നും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ സാഹചര്യമാണ് സംസ്ഥാനങ്ങള്‍ വിളിച്ച ടെന്ററിലും സംഭവിച്ചതെന്നു കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറഷേന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു കോടതി കഴിഞ്ഞ ദിവസം സര്‍ക്കാറിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് ജൂണ്‍ 16 നു വീണ്ടും പരിഗണിക്കും.