കോഴിക്കോട് ജില്ലയില്‍ കൊവിഡ് ജാഗ്രത ഐഡി നിര്‍ബന്ധം

രോഗി അഡ്മിറ്റ് ആയാല്‍ അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും രോഗം ഭേദമായാല്‍ ഡിസ്ചാര്‍ജ് രേഖപ്പെടുത്താനും സാധിക്കും. ഇതിനായി ജാഗ്രത ഐഡി ഉപയോഗിക്കാം.

Update: 2020-09-30 16:39 GMT
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് ജില്ലയില്‍ കൊവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കി. കൊവിഡ് സംബന്ധമായ എല്ലാ പ്രക്രിയകളും കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ മുഖേനയാക്കുന്നതിന്റെയും കൊവിഡ് ചികിത്സ പ്രക്രിയ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. പോസിറ്റീവ് ആകുന്ന പക്ഷം രോഗിയുടെ വിവരം ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. രോഗിയുടെ മൊബൈലില്‍ എസ്എംഎസ് ആയി ജാഗ്രത ഐഡി ലഭിക്കും. ഈ ഐഡി തുടര്‍ ചികിത്സയ്ക്കായി ഉപയോഗിക്കാം. ടെസ്റ്റ് പോസിറ്റീവ് ആകുന്നത് മുതല്‍ അതത് തദ്ദേശ സ്ഥാപനത്തിന് സര്‍വെയ്‌ലന്‍സ് ലിസ്റ്റില്‍ വിവരങ്ങള്‍ ലഭ്യമാകും. ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടതിനു ശേഷം ഹോം ഐസൊലേഷന്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കോവിഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സ തീരുമാനിക്കും.

ദിവസേനയുള്ള മോണിറ്ററിംഗ്, ടെലി കണ്‍സള്‍ട്ടേഷന്‍ എന്നിവയ്ക്കും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യാം. ഇതിനുള്ള റഫര്‍ ലെറ്റര്‍ ജാഗ്രത പോര്‍ട്ടലില്‍ നിന്നും സ്വമേധയാ ആശുപത്രിയിലേക്ക് അയക്കപ്പെടും. ഇത് ആശുപത്രിയില്‍ രോഗികളുടെ പ്രവേശനം ലളിതമാക്കും.

രോഗി അഡ്മിറ്റ് ആയാല്‍ അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും രോഗം ഭേദമായാല്‍ ഡിസ്ചാര്‍ജ് രേഖപ്പെടുത്താനും സാധിക്കും. ഇതിനായി ജാഗ്രത ഐഡി ഉപയോഗിക്കാം.പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും തങ്ങളുടെ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇന്‍ഷുറന്‍സ് ലഭ്യമാകുന്നതിനും കോവിഡ് ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിനും ഇനിമുതല്‍ കോവിഡ് 19 ജാഗ്രത ഐ ഡി നിര്‍ബന്ധമാണ്.

Tags:    

Similar News