സിപിഐ വയനാട് ജില്ലാ സമ്മേളനം തുടങ്ങി; മുട്ടിൽ മരംകൊള്ള ചർച്ചയായേക്കും

6 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

Update: 2022-09-16 10:50 GMT
സിപിഐ വയനാട് ജില്ലാ സമ്മേളനം തുടങ്ങി; മുട്ടിൽ മരംകൊള്ള ചർച്ചയായേക്കും

കൽപ്പറ്റ: സിപിഐ ജില്ലാ സമ്മേളനത്തിനു ഉജ്വല തുടക്കം. വ്യാഴാഴ്ച്ച വൈകിട്ടോടെ കൽപറ്റ കാനറ ബാങ്ക് പരിസരത്ത് സംഗമിച്ച പതാക, കൊടിമരം, ബാനർ ജാഥകൾ പൊതുസമ്മളേന നഗറിൽ എത്തി. പതാക ജാഥ അട്ടമല മുസ്തഫ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി ഇ ജെ ബാബു ഏറ്റുവാങ്ങി.

കൊടിമര ജാഥ കാക്കവയൽ സിഎച്ച് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ചു. ബത്തേരി മണ്ഡലം സെക്രട്ടറി സി എം സുധീഷ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ദേശീയ കമ്മിറ്റി അംഗം ഡോ. അമ്പി ചിറയിൽ ഏറ്റുവാങ്ങി. ബാനർ ജാഥ പനമരത്ത് ജില്ലാ അസി. സെക്രട്ടറി സി എസ് സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം വി ബാബു ഏറ്റുവാങ്ങി. തുടർന്നു സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി പതാക ഉയർത്തി.

6 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യീട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യൻ മൊകേരി, പ്രകാശ് ബാബു, മന്ത്രി കെ രാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ രാജൻ, പി വസന്തം, പി പി സുനീർ എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.

അംഗസംഖ്യ വർധിപ്പിച്ചു പരമാവധിയാളുകളെ നേതൃത്വത്തിന്റെ ഭാഗമാക്കാമെന്നതിനാൽ ഇക്കുറി ജില്ലാ കൗൺസിലിലേക്കു മൽസരത്തിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ രണ്ടു വനിതകൾ മാത്രമാണുള്ളത്. കുറഞ്ഞതു 2 പേരെങ്കിലും പുതുതായി വനിതാ പ്രാതിനിധ്യത്തിലൂടെ കൗൺസിലിലെത്തും. പ്രായാധിക്യം കണക്കിലെടുത്താൽ ഡോ. അമ്പി ചിറയിൽ കൗൺസിലിൽ നിന്ന് ഒഴിവാകാനിടയുണ്ട്. നിലവിൽ കിസാൻ സഭയുടെ അഖിലേന്ത്യാ കൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. എഐവൈഎഫിൽ നിന്ന് ജില്ലാ പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ് എന്നിവരിലാരെങ്കിലും ജില്ലാ കൗൺസിലിൽ ഇടം നേടും.

അതേസമയം മുട്ടിൽ മരംകൊള്ള കേസടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന റിപോർട്ട്. മരംമുറി ഉത്തരവിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം നേരത്തേയുണ്ട്. ഇത് കെ ഇ ഇസ്മായിൽ പക്ഷം ഉയർത്തിക്കാണിച്ചുകൊണ്ട് സംസ്ഥാന നേതൃത്വത്തെ ഒന്നുകൂടി പ്രതിസന്ധിയിലാക്കാനുള്ള നീക്കവും ഉണ്ടായേക്കാം. 

Similar News