കെഎസ്എഫ്ഇ റെയ്ഡ്: പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് സിപിഎം നിർദ്ദേശം
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുക്കുന്നതു പോലെ ആയിരുന്നു നടപടിയെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും.
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് സിപിഎം നിർദ്ദേശം. വിവാദങ്ങൾ ചർച്ച ചെയ്യാൻ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. വിജിലൻസ് റെയ്ഡും തുടർ വിവാദങ്ങളും ചർച്ച ചെയ്യുന്നതിനാണ് സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനു പിന്നാലെ അതിരൂക്ഷമായ പരസ്യ വിമർശനവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു.
കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സെക്രട്ടറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാർന്ന സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ പാർട്ടിയിലും സർക്കാരിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാശ്രമമാണെന്നും പ്രസ്താവനയിൽ സിപിഎം വ്യക്തമാക്കി.
അതേസമയം, എസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് കൂടുതൽ പരസ്യ പ്രതികരണം വേണ്ടെന്ന കർശന നിർദ്ദേശമാണ് സിപിഎം നേതൃത്വം നല്‍കിയിരിക്കുന്നത്. റെയ്ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച ധനമന്ത്രി തോമസ് ഐസക്കിന്നും മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനും ഉൾപ്പെടെയാണ് സിപിഎം നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ച സാഹചര്യത്തിൽ തുടർ വിവാദങ്ങൾ ഒഴിവാക്കാനാണ് സിപിഎം നൽകിയിരിക്കുന്ന നിർദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, പിബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ആനത്തലവട്ടം ആനന്ദൻ എന്നിവർ എകെജി സെന്‍ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിജിലൻസ് റെയ്ഡ് സംബന്ധിച്ച പരസ്യപ്രസ്താവനകൾ ഒഴിവാക്കിയെങ്കിലും ധനമന്ത്രി തോമസ് ഐസക് കടുത്ത പ്രതിഷേധം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. റെയ്ഡ് വിവരം അറിയിക്കാത്തതിലാണ് ധനമന്ത്രിക്ക് എതിർപ്പുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയിരുന്നിട്ടുകൂടി തന്നിൽനിന്ന് ഇക്കാര്യം മറച്ചു വെച്ചതാണ് ഐസക്കിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണങ്ങളിലെ രൂക്ഷതയ്ക്കും കാരണം.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുക്കുന്നതു പോലെ ആയിരുന്നു നടപടിയെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും. മുതിർന്ന നേതാക്കൾ കൂടി പങ്കെടുക്കുന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
റെയ്ഡ് സംബന്ധിച്ച് പാർട്ടിക്കകത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവമായി കണ്ട് പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. പാർട്ടിക്കുള്ളിൽ ചർച്ച നടക്കാത്തതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണമെന്നാണ് വിമർശനം ഉന്നയിക്കുന്നവർ ആരോപിക്കുന്നത്. റെയ്ഡ് സംബന്ധിച്ച് രൂക്ഷമായ ഭാഷയിൽ പരസ്യ പ്രതികരണം നടത്തിയ ധനമന്ത്രിയുടെയും ആനത്തലവട്ടം ആനന്ദൻ്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്.