കുഴൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു പേർക്ക് കുത്തേറ്റു

ബിജെപി മാള മണ്ഡലം സെക്രട്ടറി അനിൽ ആദിത്യൻ, ധനിൽ ഉത്തമൻ, ബെന്നി തോമസ് എന്നിവർക്കാണ് കത്തികൊണ്ടുള്ള കുത്തിനെ തുടർന്ന് പരിക്കേറ്റിട്ടുള്ളത്.

Update: 2022-03-03 14:29 GMT

തൃശൂര്‍: കുഴൂരിൽ സിപിഎം-ബിജെപി സംഘർഷം. സംഭവത്തില്‍ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം അനുഭാവിയാണ് സംഭവത്തിന് പിന്നിലെന്ന് അനുമാനം. കുഴൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും ലോക്കൽ കമ്മിറ്റിയംഗം പാറപ്പുറം പുഷ്പന്‍റെ വീടിന് നേരെയും കല്ലേറ് നടന്നു. ഈ പ്രദേശത്തെ സിപിഎമ്മിന്‍റെ കൊടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. അഷ്ടമിച്ചിറയിലും കൊടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ പോലിസ് സേന നിലയുറപ്പിച്ചിട്ടുണ്ട്.

ബിജെപി മാള മണ്ഡലം സെക്രട്ടറി അനിൽ ആദിത്യൻ, ധനിൽ ഉത്തമൻ, ബെന്നി തോമസ് എന്നിവർക്കാണ് കത്തികൊണ്ടുള്ള കുത്തിനെ തുടർന്ന് പരിക്കേറ്റിട്ടുള്ളത്. പ്രതിയായ സുജിത്ത് ജോസി (41) നെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനായി ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തുണ്ട്.

മാള മേഖലയിൽ വീണ്ടും സിപിഎം-ബിജെപി സംഘർഷം ഉരുണ്ടുകൂടുന്നതില്‍ ജനങ്ങള്‍ക്ക് ഭീതിയും പ്രതിഷേധവുമുണ്ട്. ഇന്നലെ രാത്രിയോടെ കുഴൂർ പാറപ്പുറത്ത് ഫ്ലക്സ് വെച്ചതുമായ തർക്കത്തിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. തലക്ക് പിറകിൽ പേനക്കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കപ്പെട്ടതായി മൊഴി നൽകിയ ബിജെപിയുടെ കുഴൂരിലെ നേതാവ് അനിൽ ആദിത്യൻ ആശുപത്രിയിൽ ചികിൽസ തേടി. ഇദ്ദേഹത്തിന് തലക്ക് പിറകിൽ നാല് തുന്നലുകളുണ്ട്. ഒപ്പമുണ്ടായിരുന്ന സുനിലിന് തുടയിലും ബെന്നിക്ക് കാലിലും പരിക്കേറ്റിട്ടുണ്ട്.

കുഴൂർ പാറപ്പുറത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. മാള പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Similar News