കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക്; ആരു വിചാരിച്ചാലും രക്ഷിക്കാനാകില്ല: എ കെ ബാലന്‍

മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കുകയാണ്.

Update: 2021-08-29 17:34 GMT

പാലക്കാട്: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കെ സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളതെന്നും ബാലന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം.

കോണ്‍ഗ്രസിന്റെ ഉള്ളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങള്‍. സെമി കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടി ആക്കി വളര്‍ത്താം എന്നത് കേവലം ദിവാസ്വപ്നമാണെന്ന് ബാലന്‍ പറഞ്ഞു.

മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി എടുത്തുകഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. സിപിഎമ്മിനോടും അതിന്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോണ്‍ഗ്രസിന്റെ പാരമ്പര്യമുള്ള നേതാക്കളോടും കെ സുധാകരന്‍ കാണിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News