കശ്മീരിനെ ബിജെപി സര്‍ക്കാര്‍ രണ്ടാക്കിയതിനു പിന്നിലെ ലക്ഷ്യം മുസ് ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കല്‍: പ്രകാശ് കാരാട്ട്

ദേശീയ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന് പുറത്താക്കാന്‍ ലക്ഷ്യമിടുന്നു. അസമില്‍ നടപ്പാക്കിയ പദ്ധതി അടുത്തവര്‍ഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വമനുവദിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുസ് ലിം വിരോധത്തിന്റെ പേരിലാണ് ദേശിയ സ്വാതന്ത്രസമരത്തില്‍ നിന്ന് വിട്ടുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകരായി ആര്‍എസ്എസുകാര്‍ മാറിയതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു

Update: 2019-11-07 12:10 GMT

കൊച്ചി: ബിജെപി സര്‍ക്കാര്‍ കശ്മീരിനെ രണ്ടാക്കിയത് രാജ്യത്ത് മുസ് ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ദേശീയ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന് പുറത്താക്കാന്‍ ലക്ഷ്യമിടുന്നു. അസമില്‍ നടപ്പാക്കിയ പദ്ധതി അടുത്തവര്‍ഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വമനുവദിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുസ് ലിം വിരോധത്തിന്റെ പേരിലാണ് ദേശിയ സ്വാതന്ത്രസമരത്തില്‍ നിന്ന് വിട്ടുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകരായി ആര്‍എസ്എസുകാര്‍ മാറിയതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

വിദേശ മുതലാളിത്തത്തിനും അംബാനിയും അദാനിയും പോലുള്ള വന്‍കിട കുത്തകകള്‍ക്കും ആനുകൂലമായ ബിജെപി സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനും പിന്നോട്ടടിക്കും കാരണമായത്. തീവ്രഹിന്ദുത്വത്തിലൂന്നിയ പരിപാടികളിലൂടെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയാണ് ഇത്തരം ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം മറികടക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് നികുതി എട്ട് ശതമാനം കുറച്ചു. അതുമൂലം രാജ്യത്തിന്1.45 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായതല്ലാതെ നേട്ടമുണ്ടായില്ല. മറ്റൊന്ന്, റെയില്‍വെയുടെയും വിമാനത്താവളങ്ങളുടെയും എണ്ണക്കമ്പനിയായ ബിപിസിഎലിന്റെയും സ്വകാര്യവല്‍ക്കരണമാണ്. വരുമാനം കുറയുന്നതു മൂലമുണ്ടായ ധനക്കമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നാണിത്. എന്നാല്‍ ജനങ്ങളുടെ വരുമാനവും വാങ്ങല്‍ശേഷിയും വര്‍ധിപ്പിക്കാനുള്ള നപടികളൊന്നുമുണ്ടാകുന്നില്ല.വന്‍കിട മൂലധന ശക്തികളുമായി ചേര്‍ന്നുള്ള ഭരണത്തിലൂടെ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് ലക്ഷ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണ് പലഭാഗത്തും നടക്കുന്നതെന്നും അത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകലാണ് കമ്യുണിസ്റ്റ് പാര്‍ട്ടിയൂടെ കടമയെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍,സി എം ദിനേശ്മണി, പി എന്‍ സീനുലാല്‍ സംസാരിച്ചു.

Tags:    

Similar News