സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

പൗരത്വ നിയമ ഭേദഗതിയില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യോഗം.

Update: 2019-12-21 04:47 GMT

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയില്‍ സമരം ശക്തമാക്കാന്‍ ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും എകെജി സെന്ററില്‍ ചേരും. അരൂരിലെ തിരഞ്ഞെടുപ്പ് പരാജയം അടക്കം ഉപതിരഞ്ഞെടുപ്പിലെ പ്രകടനം ചര്‍ച്ചയാകും. മാവോവാദി വധം, പന്തീരങ്കാവ് യുഎപിഎ കേസ് എന്നിവയുടെ സാഹചര്യം മുഖ്യമന്ത്രി വിശദമാക്കും. അലനും താഹയും മാവോവാദികളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തിലെ നിലപാട് പരസ്യമാക്കിയിരുന്നു. കോഴിക്കോട് നിന്നുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നത് ആകാംക്ഷയുണര്‍ത്തുന്നു. വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതിയും ചര്‍ച്ചയായേക്കാം. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതും ചര്‍ച്ചയാവും.

അംഗങ്ങള്‍ക്കിടയിലെ മാവോവാദി സ്വാധീനം പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ട്. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമിതി ചര്‍ച്ച ചെയ്യും. അവസാന വര്‍ഷത്തിലേക്ക് അടുക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും യോഗം പരിഗണിക്കും. കൂടുതല്‍ ജനകീയ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. ഇതോടൊപ്പം മന്ത്രിസഭയില്‍ ചില പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയാകും. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ ഒരുക്കങ്ങളും സമിതിയുടെ പരിഗണനയില്‍ വരും 

Tags:    

Similar News