സ്വര്‍ണക്കടത്ത്: സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി.ജി.പിക്ക് കത്ത് നല്‍കി

വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

Update: 2020-07-09 13:30 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡി.ജി.പി ലോക് നാഥ് ബെഹ്‌റക്ക് കസ്റ്റംസ് കത്ത് നല്‍കി. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ കസ്റ്റംസിന് നല്‍കാന്‍ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ പത്രക്കുറിപ്പിറക്കിയതിനു പിന്നാലെയാന്ന് കസ്റ്റംസ് കത്ത് ഔദ്യോഗികമായി കൈമാറിയത്. കേസില്‍ പിടിയിലായ സരിത് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന ദിവസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.എയര്‍ കാര്‍ഗോ കോംപ്ലക്‌സിലേയ്ക്ക് സരിത് ഹ്യുന്‍ഡായ് ക്രെറ്റ കാറിലാണ് എത്തിയത്. ഈ ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചാല്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 

Tags:    

Similar News