സി വിജില്‍: എറണാകുളത്ത് പരാതികള്‍ 15,000 കടന്നു ;92. 8 % പരാതികളും അനധികൃത ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെതിരെ

കളമശ്ശേരി മണ്ഡലത്തിലാണ് കൂടുതല്‍ പരാതികള്‍ വന്നത്, 1951 എണ്ണം. രണ്ടാമത് കൊച്ചി , ആകെ 1916 പരാതികള്‍. മുവാറ്റുപുഴയില്‍ 1815 ഉം വൈപ്പിനില്‍ 1811 ഉം പരാതികള്‍ ലഭിച്ചു. 67 പരാതികള്‍ മാത്രം ലഭിച്ച പിറവം മണ്ഡലത്തിലാണ് ഏറ്റവും കുറവ്

Update: 2021-03-31 07:56 GMT

കൊച്ചി: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന എറണാകുളത്ത് ഇന്ന് രാവിലെ 10.30 വരെ 15,452 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് നോഡല്‍ ഓഫിസറും ജില്ലാ പ്ലാനിങ് ഓഫിസറുമായ ലിറ്റി മാത്യു അറിയിച്ചു.അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളത്.

ഇത് വരെ ലഭിച്ചവയില്‍ 14344 (92.8%) പരാതികളും അനധികൃത ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സ് എന്നിവയെ സംബന്ധിച്ചാണ്. കളമശ്ശേരി മണ്ഡലത്തിലാണ് കൂടുതല്‍ പരാതികള്‍ വന്നത്, 1951 എണ്ണം. രണ്ടാമത് കൊച്ചി , ആകെ 1916 പരാതികള്‍. മുവാറ്റുപുഴയില്‍ 1815 ഉം വൈപ്പിനില്‍ 1811 ഉം പരാതികള്‍ ലഭിച്ചു. 67 പരാതികള്‍ മാത്രം ലഭിച്ച പിറവം മണ്ഡലത്തിലാണ് ഏറ്റവും കുറവ്.

പരാതികള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സിവിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറി അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ലഭിച്ചവയില്‍ 15,092 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 360 പരാതികള്‍ കഴമ്പില്ലാത്തവയാണ് എന്നതിനാല്‍ഉപേക്ഷിക്കുകയും ചെയ്തു. സി വിജില്‍ ജില്ലാ നോഡല്‍ ഓഫിസായ ജില്ലാ പ്ലാനിംഗ് ഓഫിസില്‍, ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News