സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം: പോലിസ് കേസെടുത്തു

ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്വമേധയാ കേസെടുത്തത്.

Update: 2022-02-19 01:27 GMT

കോഴിക്കോട്: മീഡിയവണ്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരേ കോടതിയെ സമീപിക്കാനുള്ള നടപടിയും തുടങ്ങി. മീഡിയവണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും.

സ്മൃതി പരുത്തിക്കാടിനെതിരേ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്വമേധയാ കേസെടുത്തത്. ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐപിസി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐപിസി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പോലിസ് ഇന്നലെ സ്മൃതി പരുത്തിക്കാടിന്റെ മൊഴി രേഖപ്പെടുത്തി.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും. സ്മൃതി പരുത്തിക്കാടിനെതിരെ മോശം പരാമര്‍ശങ്ങളുള്ള വീഡിയ പ്രചരിപ്പിച്ചതിന് ന്യൂസ് കഫെ ലൈവ് എന്ന യു ട്യൂബ് ചാനലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും തുടങ്ങി. സ്മൃതി പരുത്തിക്കാട് വ്യക്തിപരമായും മീഡിയവണ്‍ ചാനല്‍ പ്രത്യേകമായും കേസ് ഫയല്‍ ചെയ്യും.


Tags:    

Similar News