വികേന്ദ്രീകൃത കൊവിഡ് പ്രതിരോധ സംവിധാനം : എറണാകുളത്തെ എല്ലാ പഞ്ചായത്തുകളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യാപിപ്പിക്കും
നിലവില്‍ വികേന്ദ്രീകൃത രീതിയിലുള്ള കൊവിഡ് ചികില്‍സാ സംവിധാനം ജില്ലയിലെ 22 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കൊവിഡ് മാനേജ്മെന്റ് സെന്ററുകളില്‍ കോള്‍ സെന്റെര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം, രോഗികള്‍ക്കായുള്ള വാഹന സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്
കൊച്ചി : എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വികേന്ദ്രീകൃത കൊവിഡ് രോഗപ്രതിരോധ ചികില്‍സാ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ അവലോകന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.നിലവില്‍ വികേന്ദ്രീകൃത രീതിയിലുള്ള കൊവിഡ് ചികില്‍സാ സംവിധാനം ജില്ലയിലെ 22 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കൊവിഡ് മാനേജ്മെന്റ് സെന്ററുകളില്‍ കോള്‍ സെന്റെര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം, രോഗികള്‍ക്കായുള്ള വാഹന സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
രോഗമുള്ളവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുളള ക്രമീകരണങ്ങളും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.ഓണക്കാലത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. താലൂക്ക് തലത്തിലും ഓണം നാളുകളിലെ ക്രമീകരണങ്ങള്‍ക്കായി യോഗം ചേര്‍ന്നു. സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ കൊവിഡ് ചികില്‍സാ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിവിധ സ്വാകാര്യ ആശുപത്രികളിലായി 80 പേര്‍ ചികില്‍സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരെയും ഗുരുതരാവസ്ഥയിലുള്ളവരെയും ചികില്‍സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റും.സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങളിലൂടെ ജില്ലയില്‍ ഒരു ദിവസം 5000 കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയതായും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ കോഓഡിനേറ്റര്‍ ഡോ. മാത്യൂസ് നുമ്പേലിയും യോഗത്തില്‍ പങ്കെടുത്തു.