ജനകീയസമരം വിജയിച്ചു; പെരിങ്ങമ്മല മാലിന്യപ്ലാന്റ് സർക്കാർ ഉപേക്ഷിച്ചു
പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കിയതോടെ ആദിവാസികളടക്കമുള്ള പ്രദേശവാസികള്‍ സമരം ശക്തമാക്കിയിരുന്നു. നിയമസഭയിലേക്ക് സങ്കട ജാഥയും സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവും സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: ജൈവവൈവിധ്യങ്ങളുടെ കലവറയായ തിരുവനന്തപുരം പെരിങ്ങമ്മലയില്‍ മാലിന്യപ്ലാന്റ് ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പ്രദേശത്തിന്റെ ജൈവപ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു
ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഒരു വര്‍ഷത്തിലേറെയായി സമരത്തിലാണ്. ചര്‍ച്ചയില്‍ സമരസമിതി നേതാക്കളെ പങ്കെടുപ്പിച്ചിരുന്നില്ല. അതിനാല്‍, സര്‍ക്കാര്‍ ഔദ്യോഗികമായി ഉറപ്പു നല്‍കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. പെരിങ്ങമ്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പിന്റെ കീഴിലുള്ള അഗ്രിഫാമിലാണ് മാലിന്യ പ്ലാന്റിന് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ അഗസ്ത്യമലയുടെ താഴ്ഭാഗമാണ് ഇവിടം. അപൂര്‍വ്വ പക്ഷിമൃഗാദികള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ നദികള്‍ സമീപത്തെ പത്തോളം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ പ്രധാന സ്രോതസ്സു കൂടിയായിരുന്നു.
പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കിയതോടെ ആദിവാസികളടക്കമുള്ള പ്രദേശവാസികള്‍ സമരം ശക്തമാക്കിയിരുന്നു. നിയമസഭയിലേക്ക് സങ്കട ജാഥയും സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവും സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ അനുകൂലിച്ച സിപിഎം പ്രാദേശിക നേതൃത്വം ശക്തമായ ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ദ്ദിഷ്ട മാലിന്യപ്ലാന്റ് ഉള്‍പ്പെടുന്ന സ്ഥലത്ത് വോട്ടഭ്യര്‍ഥന നടത്താന്‍ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിൽ സമ്പത്ത് അപ്രതീക്ഷിത തോൽവി നേരിടുകയും ചെയ്തു.