മാന്‍ വേട്ട: തോക്കുമായി യുവാവ് അറസ്റ്റില്‍
നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ അപ്പപ്പാറ സെക്ഷന്‍ നരിക്കല്ല് ഭാര്‍ഗിരീ എസ്റ്റേറ്റ് സമീപത്തുവച്ച് വെടിയൊച്ച ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പിന്തുടര്‍ന്നാണ് ഒരാളെ പിടികൂടിയത്.
മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയില്‍ മാന്‍വേട്ട സംഘത്തിലെ യുവാവ് തോക്കുസഹിതം അറസ്റ്റിലായി. തോല്‍പെട്ടി നരിക്കല്ല് സ്വദേശി നടുകണ്ടി മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. വേട്ടയ്ക്ക് ഉപയോഗിച്ച തിരയും തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ അപ്പപ്പാറ സെക്ഷന്‍ നരിക്കല്ല് ഭാര്‍ഗിരീ എസ്റ്റേറ്റ് സമീപത്തുവച്ച് വെടിയൊച്ച ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പിന്തുടര്‍ന്നാണ് ഒരാളെ പിടികൂടിയത്. നായാട്ടുസംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
പ്രതികളില്‍ ഇഞ്ചായി എന്ന നൗഷാദ്, സെയ്ദലവി, അബദുല്‍ റഷീദ് എന്നിവരെ വനംവകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ വി രതീഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം വി ജയപ്രകാശ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് മാന്‍വേട്ടസംഘത്തെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്കിന്റെ ഉടമയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലെ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.