ഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഈഡിസ് ഇനത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്.ഏറ്റവും വെല്ലുവിളി തീര്‍ക്കുന്നത് വീടുകളില്‍ വച്ചിരിക്കുന്ന മണി പ്ലാന്റുകളും മറ്റ് അലങ്കാരച്ചെടികളുമാണ്. മിക്ക വീടുകളിലും കിടപ്പുമുറിയില്‍വരെ ഇത്തരം ചെടികള്‍ വച്ചിട്ടുണ്ട്. അവയുടെ ട്രേകളിലും ചട്ടികളിലുമായി തങ്ങിനില്‍ക്കുന്ന ജലത്തില്‍ കൊതുകുകള്‍ വേഗത്തില്‍ മുട്ടയിട്ട് പെരുകും. അതുവഴി രോഗം പകരാന്‍ സാധ്യയേറെയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു

Update: 2022-07-06 09:41 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.ഡെങ്കിപ്പനി, എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഡെങ്കിപ്പനി കേസുകളാണ് അധികവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഈഡിസ് ഇനത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. അതിനാല്‍ ഓരോ വീട്ടിലും ജാഗ്രത ആവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും വെല്ലുവിളി തീര്‍ക്കുന്നത് വീടുകളില്‍ വച്ചിരിക്കുന്ന മണി പ്ലാന്റുകളും മറ്റ് അലങ്കാരച്ചെടികളുമാണ്. മിക്ക വീടുകളിലും കിടപ്പുമുറിയില്‍വരെ ഇത്തരം ചെടികള്‍ വച്ചിട്ടുണ്ട്. അവയുടെ ട്രേകളിലും ചട്ടികളിലുമായി തങ്ങിനില്‍ക്കുന്ന ജലത്തില്‍ കൊതുകുകള്‍ വേഗത്തില്‍ മുട്ടയിട്ട് പെരുകും. അതുവഴി രോഗം പകരാന്‍ സാധ്യയേറെയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

കൊതുകുകളുടെ ഉറവിടം നശിപ്പിക്കുക എന്നതാണ് ഡെങ്കിപ്പനി പ്രതിരോധത്തില്‍ പ്രധാനം. കഴിഞ്ഞ ശനിയാഴ്ച മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനമായിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ച ഓഫീസുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചും ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ചും ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ച് കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്നതിനായി 'എന്റെ വീട് ഈഡിസ്' മുക്തം എന്ന ക്യാംപയിനും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ജനങ്ങളുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. മറ്റാരുടെയും നിര്‍ബന്ധമില്ലാതെ സ്വന്തം വീടും പരിസരവും ഉറവിടമുക്തമാക്കാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഫ്രിഡ്ജിന്റെ ട്രേ, ചെടിച്ചട്ടികള്‍, കരിക്കിന്‍ തോട്, ചിരട്ടകള്‍, ടയറുകള്‍, പഴയ പാത്രങ്ങള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ നഗര മേഖലയിലാണ് ഇപ്പോള്‍ ഡെങ്കിപ്പനി കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതു കണക്കിലെടുത്ത് കോര്‍പ്പറേഷനിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ അയല്‍ക്കൂട്ടങ്ങള്‍ ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയും ചെയ്തിരുന്നു.

മുതിര്‍ന്നവരോടൊപ്പം കുട്ടികളിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. സന്ധിവേദന, തലവേദന, പനി, കണ്ണിനു പുറകിലെ വേദന, ശരീരത്തില്‍ ചുവന്നു തടിച്ച പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുള്ള ആളുകള്‍ സ്വയം ചികിത്സിക്കാതെ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News