ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം: സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്
അതിനിടെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലിസ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി
കൊച്ചി: നടിയെ ആക്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.
പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതായും അന്വേഷണ ഉദ്യാഗസ്ഥന്‍ ബൈജു പൗലോസ് മുന്‍ വൈരാഗ്യം മൂലം കേസില്‍ പെടുത്തുകയാണന്നും ആരോപിച്ചുള്ള സായ് ശങ്കറിന്റെ പോലിസ് പീഡന ഹരജിയിലാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്. പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ ഹരജി ചൊവ്വാഴ്ചത്തേക്കു മാറ്റി. നോട്ടിസ് നല്‍കിയേ സായ് ശങ്കറിനെ ചോദ്യം ചെയ്യാവൂയെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
അതിനിടെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലിസ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസ് ചൊവ്വാഴ്ച പരിഗണിച്ചേക്കും.
സായ്കുമാര്‍ ഭാര്യയുടെ ഐമാക് കമ്പ്യൂട്ടർ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഭാര്യ എസ്സയുടെ ഐഡി ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടറിൽ സായ് ശങ്കർ ലോഗിൻ ചെയ്തതെന്നാണ് പോലിസ് പറയുന്നത്.
സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ ആവശ്യപ്പെട്ട് പോലിസ് കഴിഞ്ഞദിവസം സായ് ശങ്കറിനു നോട്ടിസ് നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിൽ കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ 10 ദിവസത്തെ സാവകാശം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടത്. എന്നാൽ കൊവിഡ് പരിശോധനാ റിപോർട്ട് സമർപ്പിച്ചിരുന്നില്ല. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലിസ് കംപ്യൂട്ടർ പിടിച്ചെടുക്കുകയും എസ്സയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ജനുവരി 30നാണു നശിപ്പിച്ചതെന്നും തലേദിവസം സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയതായുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിൽ. 29-ന് ആഡംബര ഹോട്ടലില്‍ മുറിയെടുത്ത സായ് ശങ്കർ 31 വരെ ഇവിടെ താമസിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ ബില്ലുകളടക്കമുള്ള തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനു ദിലീപിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാകാൻ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലിസ് പരിശോധിക്കുന്നുണ്ട്.