കോഴിക്കോട്: എംഇഎസ് മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം തലവനും കേരള ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗവുമായ ഡോ.പി എ ഫസല്‍ ഗഫൂറിനെ ആറാം തവണയും എംഇഎസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എംഇഎസ് പൊന്നാനി കോളജ് മുന്‍ ചരിത്രാധ്യാപകനും ചരിത്രകാരനും കോളമിസ്റ്റുമായ പ്രഫ. കടവനാട് മുഹമ്മദും ട്രഷററായി ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ ദേശീയ നേതാവായിരുന്ന കൊടുങ്ങല്ലൂരില്‍നിന്നുള്ള കെ കെ കുഞ്ഞുമൊയ്തീനും തിരഞ്ഞെടുക്കപ്പെട്ടു.
ഇ പി മോയീന്‍കുട്ടി (മലപ്പുറം), ടി എം സക്കീര്‍ ഹുസൈന്‍ (എറണാകുളം), എന്‍ജി. എം എം ഹനീഫ് (കോട്ടയം), എം എം അഷ്‌റഫ് (എറണാകുളം) എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി സി ടി സക്കീര്‍ ഹുസൈന്‍ (കോഴിക്കോട്), എ ജബ്ബാറലി (പാലക്കാട്), വി പി അബ്ദുര്‍റഹ്മാന്‍ (കോഴിക്കോട്), എസ് എം എസ് മുജീബ് റഹ്മാന്‍ (പാലക്കാട്) എന്നിവരെയും 2022-2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസര്‍ ഡോ. കെ എ ഹാഷിം (തിരുവനന്തപുരം) അറിയിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, പാലോളി കമ്മിറ്റി, കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ പ്രധാന കമ്മിറ്റികളില്‍ ഡോ. ഫസല്‍ ഗഫൂര്‍ അംഗമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മെഡിക്കല്‍ അഡ്മിഷന്‍ നിയമത്തെ വിലയിരുത്തുമ്പോള്‍ 50:50 അനുപാതം സ്വീകാര്യമാണെന്നാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അഭിപ്രായമെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. പക്ഷേ, അത് നടപ്പാക്കുമ്പോള്‍ വളരെയധികം നിയമക്കുരുക്കുകളും സുപ്രിംകോടതി വിധികളുമുണ്ട്. അതുകൊണ്ട് ഇത് അതീവജാഗ്രതയോടെയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.