മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍
ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളുരുവില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത്. ആലപ്പുഴ ജില്ലയിലെ അരൂര്‍,പൂച്ചാക്കല്‍, എഴുപുന്ന എന്നിവിടങ്ങളിലും, കൊച്ചിയുടെ തെക്കന്‍ മേഖലയിലും കഞ്ചാവും, രാസലഹരി മരുന്നുകളും വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഡെപ്യൂട്ടി കമ്മീഷണര്‍ പി ബി രാജിവിന്റ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം, പനങ്ങാട് ഇന്‍സ്പെക്ടര്‍ എ അനന്തലാല്‍, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, എസ് ഐ ലിജിന്‍ തോമസ്, എസ് ഐ അനസ്, ബിനു (നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.) ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പനങ്ങാട് പേലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.