മയക്കുമരുന്ന്-സിനിമ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട്:സമഗ്രമായ അന്വേഷണം നടത്തണം : എസ്ഡിപിഐ

ബോളിവുഡ് മുതല്‍ സൗത്ത് ഇന്ത്യ ഫിലിം മേഖല മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന മയക്കു മരുന്ന് റാക്കറ്റിലെ ചില കണ്ണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ മക്കളുമായും കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

Update: 2020-09-07 09:34 GMT

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ചു വളര്‍ന്നു വരുന്ന മയക്കുമരുന്ന്-സിനിമ-രാഷ്ട്രീയ റാക്കറ്റ് അന്വേഷണത്തിലൂടെ പുറത്തു കൊണ്ട് വരണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. ബോളിവുഡ് മുതല്‍ സൗത്ത് ഇന്ത്യ ഫിലിം മേഖല മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന മയക്കു മരുന്ന് റാക്കറ്റിലെ ചില കണ്ണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ മക്കളുമായും കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഗുരുതരമാണ്.

ഈ വിഷയത്തില്‍ ബംഗളുരുവില്‍ നടക്കുന്ന അന്വേഷണം സിനിമാ ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ബംഗളുരു ലഹരിക്കടത്തിലെ കൊച്ചി ബന്ധം വ്യക്തമായിട്ടും കേരളത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. വര്‍ഷങ്ങളായി കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ ഹബ്ബാണ് കൊച്ചി. സിനിമാ മേഖലയിലുള്ളവര്‍ നേരത്തെയും ലഹരിക്കടത്തില്‍ അറസ്റ്റിലായിട്ടുണ്ട്.നടി അക്രമിക്കപ്പെട്ടതടക്കം നിരവധി കേസുകളില്‍ ഇത്തരക്കാരുടെ പങ്ക് വ്യക്തമായതാണ്.കൊച്ചി കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന സിനിമ-മയക്കുമരുന്ന്-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News