ഡ്രൈ റണ്‍ വിജയം; കേരളം കൊവിഡ് വാക്‌സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി, സ്വകാര്യാശുപത്രി, നഗര/ഗ്രാമീണ ആരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്.

Update: 2021-01-08 08:43 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി, സ്വകാര്യാശുപത്രി, നഗര/ഗ്രാമീണ ആരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍പിഎസ്. കളത്തുകാല്‍ (അരുവിക്കര കുടംബാരോഗ്യകേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.

സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റണ്‍ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യവകുപ്പ് ജീവനക്കാരെയും ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യകേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്‌സിനേഷന്‍ രംഗത്ത് കേരളത്തിന് വലിയ അനുഭവസമ്പത്താണുള്ളത്. അതിനാല്‍തന്നെ കൊവിഡ് വാക്‌സിന്‍ എപ്പോള്‍ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാന്‍ സംസ്ഥാനം തയ്യാറാണ്. വാക്‌സിന്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യമേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1,344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News