സംസ്ഥാനത്ത് പ്രവാസി സംരംഭങ്ങള്‍ വളരുന്നു: ആറുമാസത്തിനിടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍
നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാത്രം 2.5 ലക്ഷം പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 60 ശതമാനവും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരാണ്.
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് പ്രവാസികള്‍ മടങ്ങിയെത്തിയതോടെ സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ വളരുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍. കഴിഞ്ഞ വര്‍ഷം ആകെ 1,043 പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്രയും പേര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു രജിസ്ട്രേഷന്‍.നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാത്രം 2.5 ലക്ഷം പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 60 ശതമാനവും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരാണ്.
ടാക്സി സര്‍വീസ് തുടങ്ങിയ സേവന സംരംഭങ്ങളോടാണ് മുമ്പ് മിക്കവരും താത്പര്യം കാട്ടിയിരുന്നത്. റസ്റ്റോറന്റ്, ബേക്കറി, വര്‍ക്ക്ഷോപ്പ്, ഓയില്‍ മില്‍, കറിപൗഡര്‍ നിര്‍മാണം, സുഗന്ധവ്യഞ്ജന യൂണിറ്റുകള്‍, ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍, ഫാമുകള്‍, സ്പോര്‍ട്സ് ഹബുകള്‍, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യം. നിലവില്‍ പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അത് 50 ലക്ഷമായി വര്‍ധിപ്പിക്കും. നോര്‍ക്ക സബ്സിഡി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കും. ഇതിലൂടെ കൂടുതല്‍ പ്രവാസികള്‍ക്ക് മികച്ച സംരംഭങ്ങള്‍ തുടങ്ങാനാവും. പദ്ധതിക്കായി 18 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരുന്നത്. ഇത് 40 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ 18 ധനകാര്യ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രവാസികള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിന് കെഎഫ്സിയുമായി നോര്‍ക്ക കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ വര്‍ഷം 5,000 പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കാനാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ഐടി മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനും ഇപ്പോള്‍ നോര്‍ക്ക സഹായം ലഭ്യമാക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട കൂടുതല്‍ പ്രവാസികള്‍ക്ക് ഡ്രീം കേരള പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയില്‍ ഇതുവരെ 3,000 തൊഴില്‍ അന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തു. 70 തൊഴില്‍ദായകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 15ഓടെ ഇതിന്റെ നടപടിക്രമങ്ങള്‍ നോര്‍ക്ക പൂര്‍ത്തിയാക്കും. ഇതോടൊപ്പം പ്രവാസികള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന് നോര്‍ക്ക സപ്ലൈകോയുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.കുറഞ്ഞത് അഞ്ച് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രവാസി സൊസൈറ്റികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ നോര്‍ക്ക സഹായം നല്‍കും. ഈ വര്‍ഷം 60 സൊസൈറ്റികള്‍ക്കാണ് സഹായം നല്‍കുന്നത്. പ്രവാസി അപക്സ് സൊസൈറ്റികള്‍ മുഴുവന്‍ പഞ്ചായത്തുകളിലും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സൊസൈറ്റി പത്തു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന സംരംഭം ആരംഭിക്കണമെന്നാണ് വ്യവസ്ഥ. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായുള്ള നോര്‍ക്കയുടെ കരാര്‍ പ്രകാരം 5,000 ഔട്ട്ലെറ്റുകള്‍ പ്രവാസികള്‍ക്ക് കേരളത്തില്‍ ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങും. കൊവിഡ് കാലം കഴിഞ്ഞാലുടന്‍ ലോണ്‍ മേളകള്‍ വീണ്ടും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.