9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവില്‍ 35 അടിയിലേറെ താഴ്ചയുളള കിണറ്റില്‍ നിന്നും ആനയെ കരക്കെത്തിച്ചു. ആതിരപ്പള്ളിയിലെ റിസോര്‍ട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് കാട്ടാന വീണത്.
ചാലക്കുടി: ആതിരപ്പിള്ളയില്‍ റിസോര്‍ട്ടിലെ കിണറ്റില്‍ കാല്‍ തെറ്റി വീണ കാട്ടാനയെ രക്ഷപ്പെടുത്താന്‍ 9 മണിക്കൂറിലേറെ നീണ്ട പരിശ്രമം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവില്‍ 35 അടിയിലേറെ താഴ്ചയുളള കിണറ്റില്‍ നിന്നും ആനയെ കരക്കെത്തിച്ചു.
ആതിരപ്പള്ളിയിലെ റിസോര്‍ട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് കാട്ടാന വീണത്. റിസോര്‍ട്ട് ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പലപ്പോഴും മഴ തടസ്സമായി. കിണറിന് സമാന്തരമായി മറ്റൊരു വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തിനൊടുവില്‍ രാത്രി 12.30ഓടെ ആനയെ കിണറിന് പുറത്തെത്തിക്കാനായി. വാഴച്ചാല്‍ ഡിഎഫ്ഓയും മൂന്നു റേഞ്ച് ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.