ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞ് പോലിസ്
ഇതിനിടെ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടിലെ മുറിയിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് ബിനീഷിന്റെ കുടുംബം കോടതിയേയും സമീപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ പരിശോധന പൂര്‍ത്തിയായി. 26 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങി. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇഡി സംഘത്തിന്റെ വാഹനം പൂജപ്പുര പോലിസ് തടഞ്ഞു. മനുഷ്യാവകാശ ലംഘനത്തിന് പരാതികിട്ടിയിട്ടുണ്ടെന്ന് അറിയിച്ച പോലിസ് റെയ്ഡിനെത്തിയവരുടെ പേര് വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു. ഇഡി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടിയെന്ന് എസ്പി പറഞ്ഞു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
ഇതിനിടെ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടിലെ മുറിയിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് ബിനീഷിന്റെ കുടുംബം കോടതിയേയും സമീപിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴി കൂട്ടാംവിളയിലുള്ള വീട്ടിലെ പരിശോധന വിവാദങ്ങൾക്കും നാടകീയതകൾക്കൊമുടുവിൽ 26 മണിക്കൂറിന് ശേഷമാണ് ഇഡി അവസാനിപ്പിച്ചത്. റെയ്ഡിൽ കണ്ടെടുത്തെന്ന് പറയുന്ന ക്രെഡിറ്റ്കാർഡ് സംബന്ധിച്ച മഹസറിൽ ഒപ്പുവെക്കാൻ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഇത്രയും നീണ്ടത്. അനൂപ് മുഹമ്മദിന്റെ പേരുള്ളതെന്ന് പറയുന്ന ക്രെഡിറ്റ്കാർഡ് ഇ.ഡി തന്നെ ഇവിടെ കൊണ്ടുവന്നതാകാമെന്ന് സംശയമുന്നയിച്ചാണ് ബിനീഷിന്റെ ഭാര്യ റിനീറ്റ രേഖകളിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചത്.
റിനീറ്റയേയും കുട്ടിയേയും തടങ്കലിലാക്കിയിരിക്കുകയാണെന്നാരോപിച്ച് ബന്ധുക്കൾ ഇന്ന് രാവിലെയോടെ വീടിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ബാലവകാശ കമ്മീഷനും സ്ഥലത്തെത്തി. പ്രതിഷേധവും നാടകീയ നീക്കങ്ങൾക്കൊമൊടുവിൽ ഇഡി സംഘം വീടിന് പുറത്തേക്ക് പോകുകയായിരുന്നു. മഹസറിൽ ഒപ്പുവെക്കില്ലെന്ന ബിനീഷിന്റെ ഭാര്യയുടെ വാദത്തിന് വഴങ്ങിയാണ് ഇഡി മടങ്ങിയത്.
മൊബൈല്‍ ഫോണടക്കം പിടിച്ച് വാങ്ങി കുടുംബത്തെ അനധികൃതമായി തടവിലാക്കിയതിനെതിരെ റെനീറ്റയുടെ പിതാവ് പൂജപ്പുര പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഗേറ്റിന് പുറത്തുവെന്ന് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പോലിസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ഇഡിക്ക് പോലിസ് നോട്ടീസ് അയച്ചിട്ടുണ്ട്.
കുഞ്ഞിനെ തടവിലാക്കിയെന്ന പരാതിയില്‍ ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിടാന്‍ ഇഡി തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നടപടി നിയമപരമല്ലെന്നും നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.