കൊച്ചിയില്‍ വഴിയാത്രക്കാരെയടക്കം ആക്രമിച്ച് മോഷണം നടത്തുന്ന സംഘങ്ങളിലെ മൂന്നു പേര്‍ പിടിയില്‍

വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ പ്രധാനിയായ അന്‍ഷോ,വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘത്തിലെ ഗുവഹാട്ടി സ്വദേശികളായ മൈനുള്‍ അലി(24), മുഹമ്മദ് അന്‍വര്‍ ഹുസൈന്‍(26) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്

Update: 2019-06-23 08:12 GMT

കൊച്ചി: കൊച്ചിയില്‍ വഴിയാത്രക്കാരെയടക്കം ആക്രമിച്ച് മോഷണം നടത്തുന്ന സംഘങ്ങളില്‍പെട്ട ഇതര സംസ്ഥാനക്കാരടക്കം മുന്നു പേര്‍ പിടിയില്‍. ഞാറക്കല്‍ അന്‍ഷോ ( 27) , ഗുവഹാട്ടി സ്വദേശികളായ മൈനുള്‍ അലി(24), മുഹമ്മദ് അന്‍വര്‍ ഹുസൈന്‍(26) എന്നിവരെയാണ് എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ് ഐ വിജയ് ശങ്കറും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.നഗരത്തിലെ പല ഭാഗങ്ങളില്‍ ആളുകളെ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിച്ച കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അന്‍ഷോയെന്ന് പോലിസ് പറഞ്ഞു.ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിയായ മൂണ്‍ ജോയപ്പ എന്നയാളെ ഏതാനും ദിവസം മുമ്പ് രാത്രി 10 മണിയോടെ കളത്തിപ്പറമ്പ് റോഡില്‍ വെച്ച് അന്‍ഷോയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.

ബൈക്കിലെത്തിയ സംഘം മൂണ്‍ ജോയപ്പയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണും പണവും ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് മൂണ്‍ ജോയപ്പ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികള്‍ ബൈക്ക് ഉപയോഗിച്ച് ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയും കയ്യിലിരുന്ന ആയുധമുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം മൂണ്‍ ജോയപ്പയുടെ കൈവശമുണ്ടായിരുന്ന 8000 രൂപയും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിവന്ന അന്വേഷണത്തില്‍ എറണാകുളം മേനക ഭാഗത്തു വെച്ച് അന്‍ഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ കേസിലെ മറ്റൊരു പ്രതിയായ എടവനക്കാട് സ്വദേശി അരവിന്ദ ഈ മാസം 20 ന്് ആലുവയില്‍ വച്ച് അപകടത്തില്‍ മരിച്ചതായും കേസില്‍് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലിസ് പറഞ്ഞു.ചന്തിരൂര്‍ സ്വദേശിയായ ഒമര്‍ എന്നയാളുടെ അമ്പതിനായിരം രൂപ വിലപിടിപ്പുള്ള ആപ്പിള്‍ മൊബൈല്‍ ഫോണ്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കവര്‍ന്ന് കേസിലാണ് ഗുഹാട്ടി സ്വദേശികളായ മൈനുള്‍ അലി,മുഹമ്മദ് അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ പിടിയിലായത്.എസ്‌ഐമാരായ സുനു മോന്‍, ജോര്‍ജുകുട്ടി എഎസ്‌ഐമാരായ ബോസ്, മോഹനന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ് സിവില്‍ പോലിസ് ഓഫീസര്‍മാരായ ഇഗ്‌നേഷ്യസ്, രഞ്ജിത്ത്, റെജി എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Tags:    

Similar News