കൃഷിയില്‍ നൂറുമേനി കൊയ്ത് എറണാകുളം ജില്ല ; കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,49,638 ഹെക്ടറില്‍

തരിശ് കൃഷിയിലൂടെ 256 ഹെക്ടര്‍ സ്ഥലത്താണു കൃഷി ഭൂമി വീണ്ടെടുത്തത്. 7000 ഹെക്ടറോളം വരുന്ന പ്രദേശത്ത് ജൈവകൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. വിവിധയിനങ്ങളിലായി 3,46,556 ടണ്ണിലധികം വിളവായിരുന്നു ജില്ലയിലെ കര്‍ഷകര്‍ നേടിയത്

Update: 2022-04-25 06:26 GMT

കൊച്ചി: കൃഷിയില്‍ നൂറു മേനി കൊയ്ത് എറണാകുളം ജില്ല.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ കൃഷിയിറക്കിയത് 1,49,638 ഹെക്ടര്‍ ഭൂമിയില്‍. ഇതില്‍ തരിശ് കൃഷിയിലൂടെ 256 ഹെക്ടര്‍ സ്ഥലത്താണു കൃഷി ഭൂമി വീണ്ടെടുത്തത്. 7000 ഹെക്ടറോളം വരുന്ന പ്രദേശത്ത് ജൈവകൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. വിവിധയിനങ്ങളിലായി 3,46,556 ടണ്ണിലധികം വിളവായിരുന്നു ജില്ലയിലെ കര്‍ഷകര്‍ നേടിയത്.മുന്‍ വര്‍ഷങ്ങളിലെ പോലെ റബര്‍ കൃഷി തന്നെയായിരുന്നു ഇക്കുറിയും മുന്‍പില്‍. 60170 ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷിയുള്ളത്. ഇതു ജില്ലയിലെ ആകെ കൃഷിഭൂമിയുടെ 40 ശതമാനത്തിലധികം വരും. 39275 ഹെക്ടര്‍ ഭൂമിയിലെ നാളികേര കൃഷിയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 17 കോടിയിലധികം തേങ്ങയായിരുന്നു ജില്ലയില്‍ നിന്നുമാത്രം ലഭിച്ചത്. വ്യാവസായിക അടിസ്ഥാനത്തില്‍ തെങ്ങ് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ നിന്നു മാത്രമുള്ള കണക്കാണിത്.

5224 ഹെക്ടര്‍ പ്രദേശത്തായിരുന്നു നെല്‍കൃഷി ചെയ്തത്. ഇതില്‍ 185 ഹെക്ടറോളം സ്ഥലത്ത് തരിശ് ഭൂമിയില്‍ കൃഷിയിറക്കി തിരിച്ചു പിടിക്കുകയായിരുന്നു. 14627.2 ടണ്‍ നെല്ലാണ് ജില്ലയില്‍ ഉല്‍പാദിപ്പിച്ചത്.വിവിധയിനം കിഴങ്ങുവര്‍ഗങ്ങളില്‍ നിന്നായി 109900 ടണ്‍ വിളവായിരുന്നു ലഭിച്ചത്. ആകെ 5495 ഹെക്ടര്‍ ഭൂമിയിലായിരുന്നു മരച്ചീനി ഉള്‍പ്പടെ വിവിധയിനം കിഴങ്ങുകളുടെ കൃഷി നടന്നത്. 35 ഹെക്ടര്‍ ഭൂമിയില്‍ നടത്തിയ പയര്‍ വര്‍ഗങ്ങളുടെ കൃഷിയില്‍ നിന്ന് 10.28 ടണ്‍ വിളവും ലഭിച്ചു. 9632 ഹെക്ടറിലെ വാഴക്കൃഷി, 5375 ഹെക്ടറിലെ പൈനാപ്പിള്‍ കൃഷി എന്നിവയില്‍ നിന്നും 77056 ടണും 58571 ടണും വിളവെടുക്കാന്‍ കഴിഞ്ഞു.

കാര്യമായ ജോലിയില്ലാതെ തന്നെ ദീര്‍ഘകാലത്തെ വിളവ് ലഭിക്കും എന്നതാണ് റബ്ബര്‍, തെങ്ങ് തുടങ്ങിയ നാണ്യവിളകളിലേക്കു കര്‍ഷകരെ നയിച്ചിരുന്നത്. ഇവക്കുപുറമേ 4107 ഹെക്ടര്‍ കമുകും 6671 ഹെക്ടര്‍ ജാതിയും 1073 ഹെക്ടര്‍ കൊക്കോയുമാണ് മറ്റു പ്രധാന നാണ്യവിളകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 60050 ടണ്‍ റബ്ബര്‍ ലഭിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ നാണ്യവിളകളില്‍ നിന്ന് യഥാക്രമം 3033, 5362, 782 ടണ്‍ വീതമാണ് കര്‍ഷകര്‍ക്കു വിളവെടുക്കാന്‍ കഴിഞ്ഞത്.കൃഷിയെ പരിപോഷിക്കാനായി വിവിധ പദ്ധതികളാണ് ജില്ലയെ മികച്ച വിളവിലേക്കു നയിച്ചത്. രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഏറ്റെടുക്കുക കൂടി ചെയ്തതു വലിയ മാറ്റത്തിലേക്കു നയിക്കുകയായിരുന്നു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7000 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് ജൈവ കൃഷി നടപ്പിലാക്കിയത്. പച്ചക്കറി വികസന പദ്ധതിയില്‍പ്പെടുത്തി സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തരിശു സ്ഥലങ്ങളില്‍ ജൈവ കൃഷി വ്യാപിപ്പിക്കാനും കൃഷി വകുപ്പിനു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത് 52694 ടണ്‍ പച്ചക്കറിയും 23290 ടണ്‍ പഴവര്‍ഗങ്ങളും

വന്‍തോതില്‍ കൃഷി നടത്തുന്ന വാഴ, പൈനാപ്പിള്‍ തുടങ്ങിയവയ്ക്കു പുറമേ 23290 ടണ്‍ ഫലവര്‍ഗങ്ങളായിരുന്നു ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇതിനായി 6129 ഹെക്ടറില്‍ പഴവര്‍ഗങ്ങളും 4315 ഹെക്ടറില്‍ നിന്നായി 52694 ടണ്‍ പച്ചക്കറികളുമായിരുന്നു കൃഷി ചെയ്തത്. സംസ്ഥാനത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി 2138 ഹെക്ടര്‍ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്. 1227 ടണ്‍ വിളവായിരുന്നു ലഭിച്ചത്.

വീണ്ടെടുത്തത് 256 ഹെക്ടര്‍ തരിശുഭൂമി

2021 2022 സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ 256 ഹെക്ടര്‍ സ്ഥലത്തായിരുന്നു തരിശ് കൃഷി നടത്തിയത്. വിവിധ ഇടങ്ങളിലായി 185 ഹെക്ടര്‍ തരിശു ഭൂമിയില്‍ നടത്തിയ നെല്‍കൃഷി തന്നെയായിരുന്നു ഇതില്‍ പ്രധാനം. 51 ഹെക്ടറില്‍ പച്ചക്കറി കൃഷിയും 11 ഹെക്ടറില്‍ മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങളും ഏഴ് ഹെക്ടറില്‍ വാഴയും, രണ്ട് ഹെക്ടര്‍ ചെറുധാന്യങ്ങളുമാണ് മറ്റ് തരിശ് കൃഷികള്‍. ഓരോ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചും വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇതിനുവേണ്ടി നടപ്പാക്കിയിരുന്നത്. ഇതിനു പുറമേ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി ഇന്‍സെന്റീവും നല്‍കിയിരുന്നു. ഹെക്ടറൊന്നിന് വിവിധ വിളകള്‍ക്കനുസരിച്ച് 30000 മുതല്‍ 40000 രൂപ വീതമാണു നല്‍കിയത് നല്‍കിയത്. തരിശുഭൂമിയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ മാത്രം ഒരു കോടി എഴുപത്തി അയ്യായിരം (1,00,75,000) രൂപയാണു കര്‍ഷകര്‍ക്കു നല്‍കിയത്.

Tags:    

Similar News