മാര്‍ ആന്റണി കരിയിലിനെ മാറ്റാന്‍ അനുവദിക്കില്ല;പ്രമേയം പാസാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍

രാജിവെയ്‌ക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് വൈദിക സമ്മേളനം

Update: 2022-07-25 08:45 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാനുള്ള സഭാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍.നേതൃത്വത്തിന്റെ നീക്കത്തിനെ എതിര്‍ത്തുകൊണ്ട്  എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ എറണാകുളം അതിമെത്രാസന മന്ദിരത്തില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി.

ആര്‍ച്ചുബിഷപ് ആന്റണി കരിയിലിന്റെ രാജിയല്ല ധാര്‍മികമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രാജി വയ്‌ക്കേണ്ടതെന്ന് വൈദിക സമ്മേളനം വ്യക്തമാക്കി. അതിരൂപതയുടെ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ദൈവജനത്തോടും വൈദികരോടും കൂടെ നിന്ന കുറ്റത്തിനാണ് ഇപ്പോള്‍ സീറോ മലബാര്‍ സിനഡിന്റെ ഒത്താശയോടു കൂടി മാര്‍ ആന്റണി കരിയിലിനെ പുറത്താക്കാന്‍ വത്തിക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈദിക സമ്മേളനം വ്യക്തമാക്കിയതായി അതിരൂപത സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,പി ആര്‍ ഒ

ഫാ. ജോസ് വൈലിക്കോടത്ത് എന്നിവര്‍ വ്യക്തമാക്കി.സീറോ മലബാര്‍ സഭ ഒരു വ്യക്തിസഭയാണെങ്കില്‍ ഇവിടുത്തെ ആരധനാ കാര്യത്തിലും മെത്രാന്‍ നിയമനത്തിലുമുള്ള ഉത്തരവാദിത്തം പൗരസ്ത്യ കാര്യാലയത്തിന്റെ കാല്‍ക്കീഴില്‍ അടിയറവു വച്ച സിനഡ് ചരിത്രത്തോടു തന്നെയാണ് തെറ്റു ചെയ്തിരിക്കുന്നത്. സഭയുടെ തലവന്‍ ചെയ്ത കുറ്റത്തിന് അദ്ദേഹത്തെ അധാര്‍മികമായി സംരക്ഷിച്ചുകൊണ്ട് സത്യത്തിനും ധാര്‍മികവുമായ നിലപാടെടുത്തവരെ പുറത്താക്കുന്ന സീറോ മലബാര്‍ സഭയുടെ പോക്ക് ഏറെ അപകടത്തിലാണെന്നും വൈദിക സമ്മേളനം വ്യക്തമാക്കി. സീറോ മലബാര്‍ സഭാ മെത്രാന്മാര്‍ക്ക് അതിരൂപതയിലെ വൈദികര്‍ തുറന്ന കത്തും നല്‍കി.ഒപ്പം രണ്ടു പ്രമേയങ്ങളും യോഗം ഐക്യകണ്‌ഠേന പാസാക്കി.

ഫാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സിനാഡിലിറ്റിയെക്കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ക്ക് അതിരൂപതയില്‍ നേതൃത്വം കൊടുത്തും അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും പ്രശ്‌നങ്ങളും പ്രതിസന്ധികളും റോമില്‍ മാര്‍പാപ്പയുടെ അടുത്തു വരെ എത്തിച്ച് ഏറെ ഊര്‍ജ്ജസ്വലതയോടെയാണ് ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ അതിരൂപതയ്ക്ക് നേതൃത്വം നല്‍കി വരുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.എല്ലാവരെയും ഉള്‍ക്കൊള്ളവാനും എല്ലാവരെയും കേള്‍ക്കുവാനും അദ്ദേഹത്തിനു അനിതരസാധാരണമായ ആര്‍ജ്ജവമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇടയനായി മറ്റൊരാളെ കാണാന്‍ തങ്ങള്‍ തയ്യാറല്ല. സീറോ മലബാര്‍ സിനഡും വത്തിക്കാനും അതിരൂപതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല മാര്‍ ആന്റണി കരിയിലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ച് അതിരൂപതയുടെ ഭാവിയെ ഇരുട്ടിലാഴ്ത്താനും അനൈക്യം ഉണ്ടാക്കാനുമാണ്. അത്തരം നടപടികളെ വൈദികര്‍ ഒരു കാരണവശാലും അംഗീകരിക്കുകയോ അതിനോട് സഹകരിക്കുകയോ ചെയ്യുകയില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

ഏതു സാഹചര്യത്തിലും ഈ അതിരൂപതയിലെ വൈദികരും വിശ്വാസികളും ജനാഭിമുഖ കുര്‍ബാനയേ ചൊല്ലുകയുള്ളു. അതിരൂപതയിലെ 320 ഓളം ഇടവകകളില്‍ 300 ഇടവകകളിലെയും പാരീഷ് കൗണ്‍സില്‍ ജനാഭിമുഖ കുര്‍ബാനയേ ചൊല്ലു എന്ന് പ്രമേയം പാസ്സാക്കി റോമില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. അതിനു വിരുദ്ധമായി തങ്ങളുടെമേല്‍ അള്‍ത്താരാഭിമുഖ കുര്‍ബാന അടിച്ചേല്‍പിച്ചാല്‍ ഇവിടെ വിരലിലെണ്ണാവുന്ന കറച്ചുപേര്‍ അല്‍്പം ഒച്ചയുണ്ടാക്കുമെന്നല്ലാതെ തങ്ങള്‍ വൈദികരുടെ ഐക്യത്തെ തകര്‍ക്കാമെന്നോ അല്‍മായരുടെ ഇടയില്‍ വിഭാഗിയത സൃഷ്ടിക്കാമെന്നോ വ്യാമോഹിക്കേണ്ടെന്നും പ്രമേയം വ്യക്തമാക്കുന്നു. ഐക്യത്തിനു വേണ്ടി ഐകരൂപ്യം അടിച്ചേല്‍പിച്ച സീറോമലബാര്‍ സിനഡിന്റെ അവിവേകമായ തീരുമാനത്തിനു വിവേകമുള്ളവര്‍ക്കു കൂട്ടുനില്‍ക്കാനാകില്ലെന്നും അതിനാല്‍ തങ്ങള്‍ അതിനെ ഒരിക്കല്‍ കൂടി തള്ളിക്കളയുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.

വൈദിക സമ്മേളനത്തില്‍ അതിരൂപത സംരക്ഷണ സമിതി ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കണ്ണമ്പുഴ മെത്രാന്മാര്‍ക്കുള്ള തുറന്ന കത്ത് വായിച്ചു. ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

Tags:    

Similar News