ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണം: വിശ്വാസ സംരക്ഷണ മഹാസംഗമവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍
അടുത്തമാസം ഏഴിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മഹാസംഗമം നടക്കുകയെന്ന് കണ്‍വീനര്‍ ഷിജോ കരുമത്തി,അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, മീഡിയ കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു
കൊച്ചി: എറണാകുളം അതിരൂപതയുടെ മേലുള്ള കല്‍ദായ അധിനിവേശം ചെറുക്കണമെന്നും ജനാഭിമുഖ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുറ്റേറ്റം,അതിരൂപത സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത മാസം ഏഴിന് വിശ്വാസ സംരക്ഷണ മഹാസംഗമം നടത്തുമെന്ന് വിശ്വാസ സംരക്ഷണ മഹാസംഗമം കണ്‍വീനര്‍ ഷിജോ കരുമത്തി,അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, മീഡിയ കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നിനാണ് സംഗമം നടക്കുന്നത്.കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന അല്‍മായ മുന്നേറ്റത്തിന്റെയും അതിരൂപത സംരക്ഷണ സമിതിയുടെയും മറ്റു സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ 501 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. മഹാസംഗമ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ആയി ഷിജോ കരുമത്തിയെയും(അങ്കമാലി), ജോയിന്റ് കണ്‍വീനര്‍മാരായി തങ്കച്ചന്‍ പേരയില്‍(എറണാകുളം), ജോസഫ് ആന്റണി(ചേര്‍ത്ത) എന്നിവരെയും തെരഞ്ഞെടുത്തു.
ജോമോന്‍ തോട്ടാപ്പിള്ളി സെക്രട്ടറിയും ബെന്നി വാഴപ്പിള്ളി ഖജാന്‍ജിയും ആയിരിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, പാപ്പച്ചന്‍ ആത്തപ്പിള്ളി, അഡ്വ. ബിനു ജോണ്‍, ജെമി സെബാസ്റ്റ്യന്‍, ജോണ്‍ കല്ലൂക്കാരന്‍, നിമ്മി ആന്റണി,കെസിവൈഎം പ്രസിഡന്റ് ടിജോ പാടായിട്ടില്‍, സിഎല്‍സി പ്രസിഡന്റ് അനില്‍ പാലത്തിങ്കല്‍, ഡിസിഎംഎസ് പ്രസിഡന്റ് എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു.
ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക,ഭൂമി ഇടപാടിലെ വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ചു റെസ്റ്റിട്യൂഷന്‍ നടപ്പിലാക്കുക,സിനഡ് മെത്രാന്‍മാര്‍ വിശ്വാസികളെ കേള്‍ക്കുക,മാര്‍ ആന്റണി കരിയിലിന് നീതി ലഭ്യമാക്കുക എന്നിവയായിരിക്കും പ്രധാന ആവശ്യങ്ങള്‍ എന്നും ഇവര്‍ പറഞ്ഞു.എറണാകുളം അതിരൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും വിശ്വാസികളും വൈദീകരും വിശ്വാസ സംരക്ഷണ മഹാസംഗമത്തില്‍ പങ്കെടുക്കുമെന്നും ഇവര്‍ അറിയിച്ചു.