ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണം; എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും നിരാഹാര സമരം നാലാം ദിവസവും തുടരുന്നു
എറണാകുളം-അങ്കമാലി അതിരൂപത വൈദീകരെ പ്രതിനിധികരിച്ചു ഫാ. ബാബു കളത്തില്‍ എറണാകുളം ലിസി ആശുപത്രിയിലും ഫാ.ടോം മുള്ളന്‍ചിറ, അതിരൂപത അല്‍മായ മുന്നേറ്റത്തിന്റെ അതിരൂപത സമിതി അംഗങ്ങളായ പ്രകാശ് പി ജോണ്‍, തോമസ് കീച്ചേരി എന്നിവരുടെ നിരാഹാരം എറണാകുളം ബിഷപ്പ് ഹൗസിലുമാണ് തുടരുന്നത്
കൊച്ചി:ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും നിരാഹാര സമരം അതിരൂപതാ ആസ്ഥാനത്ത് തുടരുന്നു.എറണാകുളം-അങ്കമാലി അതിരൂപത വൈദീകരെ പ്രതിനിധികരിച്ചു ഫാ. ബാബു കളത്തില്‍ എറണാകുളം ലിസി ആശുപത്രിയിലും ഫാ.ടോം മുള്ളന്‍ചിറ, അതിരൂപത അല്‍മായ മുന്നേറ്റത്തിന്റെ അതിരൂപത സമിതി അംഗങ്ങളായ പ്രകാശ് പി ജോണ്‍, തോമസ് കീച്ചേരി എന്നിവരുടെ നിരാഹാരം എറണാകുളം ബിഷപ്പ് ഹൗസിലുമാണ് തുടരുന്നത്.
സീറോ മലബാര്‍ സഭ സിനഡ് നടന്നു വന്നിരുന്ന സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിനു മുന്നിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി അതിരൂപത അല്‍മായ മുന്നേറ്റത്തിന്റെ അതിരൂപത സമിതി അംഗങ്ങള്‍ നിരാഹാര സമരം നടത്തി വന്നിരുന്നത്.ഇന്ന് സിനഡ് സമാപിച്ചതോടെ ഇവരുടെ നിരാഹാര സമരം എറണാകുളം ബിഷപ്പ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ബിഷപ്പ് ഹൗസിലേക്ക് എത്തിയ സമരനേതാക്കളെ അതിരൂപത സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയനും ഫാ. കുര്യാക്കോസ് മുണ്ടാടനും മാലയിട്ട് സ്വീകരിച്ചു.
അല്‍മായ മുന്നേറ്റത്തിന്റെയും വൈദീകരുടെയും നിരാഹാരം ലക്ഷ്യം കാണും വരെയും തുടരുമെന്നും വരും ദിവസങ്ങളില്‍ മുഴുവന്‍ ഇടവകകളിലും ശക്തമായ സമര പരിപാടികള്‍ വ്യാപിപ്പിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.ഇതിനിടയില്‍ സിനഡ് കഴിഞ്ഞ് മടങ്ങിയ ബിഷപ് മാര്‍ക്കെതിരെയും അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. മൗണ്ട് സെന്റ് തോമസിന് മുന്നിലെ പ്രതിഷേധത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍, വിജിലന്‍ ജോണ്‍, ജോഷി തച്ചപ്പിള്ളി, ബോബി മലയില്‍, ജോമോന്‍ തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരന്‍, ജോജോ ഇലഞ്ഞിക്കല്‍, പ്രകാശ് പി ജോണ്‍, പാപ്പച്ചന്‍ ആത്തപ്പിള്ളി, ജൈമി, ജയ്‌മോന്‍, ജോണ്‍ കല്ലൂക്കാരന്‍, ജോയി മൂഴിക്കുളം നേതൃത്വം നല്‍കി.