ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍; നവജാതശിശുവിന് അതിസങ്കീണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥയ്ക്ക് മെഡിക്കല്‍ രംഗത്ത് സൈറ്റസ് ഇന്‍വേഴ്‌സസ് വിത്ത് ഡെക്‌സ്‌ട്രോകാര്‍ഡിയ എന്നാണ് പറയുന്നത്. ഇതിന് പുറമേ ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും. പ്രസവിച്ച് വെറും ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞിനാണ് ഈ സങ്കീര്‍ണതകള്‍
കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥയ്ക്ക് മെഡിക്കല്‍ രംഗത്ത് സൈറ്റസ് ഇന്‍വേഴ്‌സസ് വിത്ത് ഡെക്‌സ്‌ട്രോകാര്‍ഡിയ എന്നാണ് പറയുന്നത്. ഇതിന് പുറമേ ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും. പ്രസവിച്ച് വെറും ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞിനാണ് ഈ സങ്കീര്‍ണതകളെന്ന് പറയുമ്പോള്‍ ആരുമൊന്ന് ഞെട്ടും. എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച പാലക്കാട് സ്വദേശികളുടെ കുഞ്ഞിലാണ് അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
ചുണ്ടില്‍ നീല നിറം കണ്ടതിനെ തുടര്‍ന്ന് നടത്തിയ ഇക്കോ ടെസ്റ്റിലാണ് കുഞ്ഞിന് അതിസങ്കീര്‍ണ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് കുഞ്ഞിനെ പാലക്കാട്ടെ ആശുപത്രിയില്‍ നിന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് റഫര്‍ ചെയ്തത്.ഇസിജി പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ പൂര്‍ണ തോതില്‍ ബ്ലോക്കുണ്ടായിരുന്നു. കൂടാതെ ഹൃദയമിടിപ്പ് മിനിറ്റില്‍ 40 എന്ന നിരക്കിലായിരുന്നു. മിനിറ്റില്‍ 110 മുതല്‍ 140 എന്നതാണ് സാധാരണനിലയില്‍ നവജാതശിശുക്കളുടെ ഹൃദയമിടിപ്പ് നിരക്ക്. ഹൃദയമിടിപ്പ് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സുപ്രധാന അവയവങ്ങള്‍ക്കുള്ള രക്തവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴിയെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാന്‍ പറഞ്ഞു.
പീഡിയാട്രിക് കാര്‍ഡിയോവാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്തേഷ്യ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്.പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ഹൃദയതാളം സാധാരണനിലയിലായി. മിനിറ്റില്‍ 120 എന്ന നിരക്കില്‍ ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. അടുത്ത ദിവസം മുതല്‍ മുലപ്പാല്‍ കുടിച്ച് തുടങ്ങി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.കുഞ്ഞിന്റെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചികില്‍സകള്‍ ആവശ്യമാണെന്നും മൂന്ന് മാസം പ്രായമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോ. അമിതോസ് സിംഗ് പറഞ്ഞു.
ജന്മനാലുള്ള ഹൃദയത്തിലെ ബ്ലോക്കുകള്‍ വളരെ അപൂര്‍വമായ അവസ്ഥയാണെന്നും മിനിറ്റില്‍ 70-ല്‍ കുറഞ്ഞ ഹൃദയമിടിപ്പിന് പേസ്‌മേക്കര്‍ ഘടിപ്പിക്കുകയെന്നതാണ് അന്താരാഷ്ട്രതലത്തിലുള്ള മാര്‍ഗരേഖയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തരമൊരു കേസ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തുന്നതെന്നും കുഞ്ഞിന്റെ ഹൃദയം വലതുവശത്തായത് സാങ്കേതികമായി വെല്ലുവിളി വര്‍ധിപ്പിച്ചുവെന്നും പേസ്മേക്കര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സാജന്‍ കോശി പറഞ്ഞു.