എറണാകുളം ജില്ലയില്‍ 18 വയസിന് മുകളില്‍പ്രായമുള്ള 86 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി : മന്ത്രി വീണ ജോര്‍ജ്

സെപ്റ്റംബര്‍ 10 നകം ജില്ലയിലെ 18 വയസിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്.ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 18 വയസിന് മുകളില്‍ നൂറ് ശതമാനം കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

Update: 2021-08-31 11:38 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ 18 വയസിന് മുകളില്‍പ്രായമുള്ള 86 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്.വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലയിലെ ഉന്നതതല കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സെപ്റ്റംബര്‍ 10 നകം ജില്ലയിലെ 18 വയസിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്.

സെപ്റ്റംബര്‍ 30 നകം 1.18 കോടി ഡോസ് വാക്‌സിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ ലഭ്യതയനുസരിച്ച് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും. ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 18 വയസിന് മുകളില്‍ നൂറ് ശതമാനം കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിതായും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക്് ജില്ലയിലെ 18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഇനിയും വാക്‌സിന്‍ കിട്ടാത്ത എല്ലാവര്‍ക്കും ഉടന്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി

വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കുക, കൊവിഡ് പരിശോധനകള്‍ ശക്തമാക്കി ചികില്‍സ ഉറപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ജില്ലയില്‍ ഓക്‌സിജന്‍, ഐസിയു കിടക്കകള്‍ക്ക് ക്ഷാമം നേരിടുന്നില്ല. ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താഴെത്തട്ടില്‍ നടക്കുന്നത് മികച്ച പ്രവര്‍ത്തനമാണെന്നും ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് ലക്ഷണങ്ങളുള്ള ഗുരുതര രോഗങ്ങളുള്ള ആളുകള്‍ ആശുപത്രികളില്‍ ചികില്‍സ തേടണം. 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി റിവേഴ്‌സ് ക്വാറന്റീന്‍ സംവിധാനം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, എഡിഎം എസ് ഷാജഹാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍, ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍ ഡോ. ശിവദാസ്, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News